ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൂടുതൽ വിശ്രമം ആവശ്യം; ചാൾസ് രാജാവുമായുള്ള കൂടിക്കാഴ്ച മാറ്റിവെച്ചു

ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൂടുതൽ വിശ്രമം ആവശ്യം; ചാൾസ് രാജാവുമായുള്ള കൂടിക്കാഴ്ച മാറ്റിവെച്ചു

വത്തിക്കാന്‍ സിറ്റി : ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൂടുതൽ വിശ്രമം ആവശ്യമായതിനാൽ ചാൾസ് രാജാവും കമില രാജ്ഞിയും നിശ്ചയിച്ചിരുന്ന വത്തിക്കാൻ സന്ദർശനം മാറ്റിവച്ചു. 2025 ജൂബിലി വർഷത്തോട് അനുബന്ധിച്ച് ഏപ്രിൽ ആദ്യം വത്തിക്കാൻ സന്ദർശിക്കാൻ രാജദമ്പതികൾ പദ്ധതിയിട്ടിരുന്നു.

“ഫ്രാൻസിസ് മാർപാപ്പയ്ക്ക് കുറച്ചുകൂടി വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശം നൽകിയതിനാൽ രാജാവിന്റെയും രാജ്ഞിയുടെയും വത്തിക്കാനിലേക്കുള്ള ഔദ്യോഗിക സന്ദർശനം പരസ്പര സമ്മതത്തോടെ മാറ്റിവച്ചു. മാർപാപ്പയുടെ രോഗശാന്തിക്കായി ആശംസകൾ നേരുന്നു. പാപ്പ സുഖം പ്രാപിച്ചുകഴിഞ്ഞാൽ അദേഹത്തെ സന്ദർശിക്കും.”- രാജകുടുംബം പ്രസ്താവനയിൽ പറഞ്ഞു.

ഏപ്രിൽ മാസത്തിൽ ഇറ്റലിയിലേക്കുള്ള മറ്റ് സന്ദർശനങ്ങൾ ചാൾസ് രാജാവും കമില രാജ്ഞിയും നടത്തും. സെന്റ് പോൾ ഔട്ട്‌സൈഡ് ദി വാൾസിന്റെ പേപ്പൽ ബസിലിക്ക രാജാവ് സന്ദർശിക്കും. നവീകരണത്തിന് മുമ്പ് ഇംഗ്ലീഷ് രാജാക്കന്മാരുമായി ബസലിക്കക്ക് പ്രത്യേക ബന്ധമുണ്ടായിരുന്നതായി കൊട്ടാരം പറഞ്ഞു. ഹിസ് മജസ്റ്റിസ് ചാപ്പൽ റോയലിന്റെ ഗായക സംഘത്തിലെയും വിൻഡ്‌സറിലെ സെന്റ് ജോർജ് ചാപ്പലിന്റെ ഗായക സംഘത്തിലെയും അംഗങ്ങൾ ബസിലിക്കയിലും സിസ്റ്റൈൻ ചാപ്പലിലെ ശുശ്രൂഷയ്ക്കിടയിലും പരിപാടി അവതരിപ്പിക്കും.

ബ്രിട്ടനിൽ നിന്നും കോമൺ‌വെൽത്തിൽ നിന്നുമുള്ള സെമിനാരി വിദ്യാർത്ഥികളുമായും ചാൾസ് മൂന്നാമൻ രാജാവ് സംവദിക്കും. സ്ത്രീകൾക്കെതിരായ മനുഷ്യക്കടത്തും ലൈംഗിക അതിക്രമവും തടയാൻ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറലിൽ (IUSG) നിന്നുള്ള കത്തോലിക്കാ മതവിശ്വാസികളായ സ്ത്രീകളുമായി രാജ്ഞി കാമില കൂടിക്കാഴ്ച നടത്തും.

ഏപ്രിൽ ഒമ്പതിന് ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ നടത്തും. ഇറ്റാലിയൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജാവായിരിക്കും ചാൾസ് മൂന്നാമൻ രാജാവ്. ഏപ്രിൽ 10 ന് വടക്ക് കിഴക്കൻ ഇറ്റാലിയൻ മേഖലയായ എമിലിയ-റൊമാഗ്നയിലെ റാവെന്നയിലേ സന്ദർശിക്കും. പ്രദേശത്തിന്റെ പരമ്പരാഗത ഉൽ‌പ്പന്നങ്ങളും പാചകരീതിയും ഇരുവരും ആസ്വദിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.