ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളുടെ ഭാഗമായി ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളുകള്‍, ബര്‍ബണ്‍ വിസ്‌കി, കാലിഫോര്‍ണിയന്‍ വൈന്‍ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ചില ഉല്‍പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനും വ്യാപാര ബന്ധം വര്‍ധിപ്പിക്കുന്നതിനും ഉള്ള ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് വിവരം.
ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളുകളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി സര്‍ക്കാര്‍ നേരത്തെ കുറച്ചിരുന്നു. ഇപ്പോള്‍ താരിഫ് കൂടുതല്‍ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത് ഈ പ്രീമിയം ബൈക്കുകളെ വിപണിയില്‍ കൂടുതല്‍ താങ്ങാനാവുന്ന തരത്തിലാക്കും. അതുപോലെ, ബര്‍ബണ്‍ വിസ്‌കിയുടെ ഇറക്കുമതി തീരുവ മുമ്പ് 150 ശതമാനത്തില്‍ നിന്ന് 100 ആയി കുറച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുഗമമായ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മറ്റൊരു കുറവ് വരുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയിലേക്ക് മികച്ച പ്രവേശനം നേടുന്നതിനായി യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്നതിനാല്‍ കാലിഫോര്‍ണിയന്‍ വൈനും ചര്‍ച്ചകളുടെ ഭാഗമാണ്.
വ്യാപാര ചര്‍ച്ചകള്‍ മോട്ടോര്‍ സൈക്കിളുകളിലും ലഹരി പാനീയങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയിലേക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെയും രാസവസ്തുക്കളുടെയും യു.എസ് കയറ്റുമതി വിപുലീകരിക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ വളര്‍ന്ന് വരുന്ന ഔഷധ മേഖലയില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ അമേരിക്ക താല്‍പ്പര്യപ്പെടുന്നുണ്ട്. അതേസമയം യു.എസിലേക്കുള്ള കയറ്റുമതിക്ക് അനുകൂലമായ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കയില്‍ നിന്നുള്ള ഇന്ത്യയുടെ ഔഷധ ഉല്‍പ്പന്ന ഇറക്കുമതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2020-21 ല്‍ ഇറക്കുമതി 2,26,728.33 ലക്ഷം രൂപയായിരുന്നു. 2021-22 ല്‍ ഇത് 78.8 ശതമാനം വര്‍ധിച്ച് 4,05,317.35 ലക്ഷം രൂപയായി. എന്നിരുന്നാലും 2022-23ല്‍ ഇറക്കുമതി 27.5% കുറഞ്ഞ് 2,93,642.57 ലക്ഷം രൂപയായി. 2023 ല്‍ ഈ പ്രവണത വീണ്ടും മാറി. ഇറക്കുമതി 10.8 ശതമാനം വര്‍ധിച്ച് 3,25,500.17 ലക്ഷം രൂപയായി. നിര്‍ദ്ദിഷ്ട താരിഫ് ഇളവുകള്‍ നടപ്പിലാക്കുകയാണെങ്കില്‍, ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യയില്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ താങ്ങാനാവുന്നതായിത്തീരും. ബര്‍ബണ്‍ വിസ്‌കിയുടെയും കാലിഫോര്‍ണിയന്‍ വൈനിന്റെയും തീരുവ കുറയ്ക്കുന്നത് ഇന്ത്യന്‍ മദ്യ വിപണിയില്‍ ഈ ഉല്‍പന്നങ്ങളെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.