ഇസ്ലാമാബാദ് : പാകിസ്ഥാന്‍ പ്രസിഡന്റിന്റെ പ്രത്യേക മെഡലും ആദരവും ഏറ്റുവാങ്ങി കറാച്ചി ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ ജോസഫ് കൗട്ട്സ്. മതാന്തര സംവാദത്തിലും മത ഐക്യം പ്രോത്സാഹിപ്പിക്കുന്നതിലും രാഷ്ട്രത്തിന് നൽകിയ സേവനങ്ങളും പാകിസ്ഥാന്റെ സാമൂഹിക ക്ഷേമത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും നൽകിയ സംഭാവനകളും പരിഗണിച്ചാണ് തംഘ-ഇ-ഇംതിയാസ് മെഡൽ നൽകിയത്.
'കർദിനാൾ ജോസഫ് കൗട്ട്സ് മനുഷ്യരാശിക്ക് നൽകിയ സേവനവും വ്യത്യസ്ത വിശ്വാസങ്ങളെ ഒന്നിപ്പിക്കുന്നതിൽ നൽകിയ പങ്കും എല്ലാ പാകിസ്ഥാനികൾക്കും പ്രചോദനമാണ്. രാജ്യത്തിന്റെ സമാധാനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള കർദ്ദിനാളിന്റെ പ്രതിബദ്ധത പ്രശംസനീയമാണ്'- പാകിസ്ഥാൻ പ്രസിഡന്റ് അലി സർദാരി പറഞ്ഞു. കർദിനാളിനോടൊപ്പം വിവിധ സാമൂഹിക മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന നൂറിലധികം ആളുകൾക്കും അവാര്‍ഡുകള്‍ നൽകി.
എമിരിറ്റസ് കർദിനാൾ ജോസഫ് കൗട്ട്സ്
1945 ജൂലൈ 21 ന് ബ്രിട്ടീഷ് ഇന്ത്യയിലെ അമൃത്സറിൽ ഒരു ഗോവൻ കുടുംബത്തിലാണ് കൗട്ട്സ് ജനിച്ചത്. അദേഹത്തിന്റെ പിതാവ് പെഡ്രോ ജോസ് കൗട്ടോ വടക്കൻ ഗോവയിലെ ഒരു ഗ്രാമമായ അൽഡോണയിൽ നിന്നുള്ളയാളായിരുന്നു. ഡൽഹി ആർച്ച് ബിഷപ്പായ അനിൽ ജോസഫ് തോമസ് കൗട്ടോയുടെ ബന്ധുവാണ്. ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ, ഫ്രഞ്ച്, ഉറുദു, പഞ്ചാബി, ഹിന്ദി എന്നിവയുൾപ്പെടെ നിരവധി ഭാഷകളിൽ കർദിനാൾ ജോസഫ് കൗട്ട്സിന് പ്രാഗത്ഭ്യം ഉണ്ട്.
1971 ൽ ലാഹോര്‍ രൂപത വൈദികനായി അഭിഷിക്തനായി. 1988 മെയ് അഞ്ചിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദേഹത്തെ പാകിസ്ഥാനിലെ ഹൈദരാബാദിന്റെ കോഅഡ്ജൂട്ടർ ബിഷപ്പായി നിയമിക്കുകയും സെപ്റ്റംബർ 16-ന് ബിഷപ്പായി വാഴിക്കുകയും ചെയ്തു. 1990 സെപ്റ്റംബർ ഒന്നിന് ഹൈദരാബാദിന്റെ ബിഷപ്പായി. 1998 ജൂൺ 27-ന് ഫൈസലാബാദിന്റെ ബിഷപ്പായി കർദിനാൾ ജോസഫ് കൗട്ട്സ് നിയമിതനായി.
2012 ൽ കറാച്ചി അതിരൂപതയുടെ അധ്യക്ഷനായി കൗട്ട്സിനെ വത്തിക്കാൻ നിയമിച്ചു. 2018ൽ ഫ്രാൻസിസ് മാർപാപ്പയാണ് ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്സിനെ കർദിനാൾ പദവിയിലേക്ക് ഉയര്‍ത്തിയത്. കറാച്ചിയിൽ മുസ്ലീങ്ങൾക്കും കത്തോലിക്കർക്കും ഇടയിൽ മതാന്തര സംഭാഷണത്തിനായി ഒന്നിലധികം പരിശ്രമങ്ങൾ കർദിനാൾ നടത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.