മസ്‌ക് സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിലെ പദവി ഒഴിഞ്ഞേക്കും; തീരുമാനം മെയ് അവസാനത്തോടെ

മസ്‌ക് സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിലെ പദവി ഒഴിഞ്ഞേക്കും; തീരുമാനം മെയ് അവസാനത്തോടെ

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌ക് അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിലെ ഉന്നത പദവി വിടുമെന്ന് റിപ്പോര്‍ട്ട്. യു.എസ് കമ്മി ഒരു ട്രില്യണ്‍ ഡോളറായും നിലവിലെ മൊത്തം ഫെഡറല്‍ ചെലവ് ഏകദേശം ആറ് ട്രില്യണ്‍ ഡോളറായും കുറച്ചുകൊണ്ട് മെയ് അവസാനത്തോടെ സ്ഥാനം ഒഴിയാനാണ് മസ്‌ക് പദ്ധതിയിടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സര്‍ക്കാര്‍ ഏജന്‍സിയായാണ് ട്രംപ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE)വകുപ്പിനെ പ്രഖ്യാപിച്ചത്. ചെലവ് കുറയ്ക്കാനുള്ള പുതുവഴികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഏജന്‍സികളേയും ഒഴിവാക്കുക എന്നതായിരുന്നു മസ്‌കിന്റെ നിര്‍ദേശം. ഇത്തരത്തില്‍ പതിനായിരത്തിലധികം ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടു.

ഫോക്സ് ന്യൂസിന്റെ സ്പെഷ്യല്‍ റിപ്പോര്‍ട്ട് വിത്ത് ബ്രെറ്റ് ബെയര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവെ ഏജന്‍സിയുടെ പ്രവര്‍ത്തനത്തെയും നേട്ടങ്ങളെയും കുറിച്ച് മസ്‌ക് വിശദീകരിച്ചു. അമേരിക്കയുടെ ബാലന്‍സ് ഷീറ്റുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വാര്‍ഷിക ഫെഡറല്‍ കമ്മി പകുതിയായി കുറയ്ക്കുന്ന ലക്ഷ്യത്തിലേക്ക് അവര്‍ എങ്ങനെ അടുക്കുന്നുവെന്നതിനെക്കുറിച്ചും അദേഹം സംസാരിച്ചു.

തന്റെ ടീം ഒരു ദിവസം ശരാശരി നാല് ബില്യണ്‍ ഡോളര്‍ സമ്പാദിക്കുന്നുണ്ടെന്നും 130 ദിവസത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളര്‍ കമ്മി കുറയ്ക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ മെയ് അവസാനത്തോടെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള മസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.

നിര്‍ണായകമായ സര്‍ക്കാര്‍ സേവനങ്ങളെയൊന്നും ബാധിക്കാതെ ഇതില്‍ 15 ശതമാനം കുറവ് വരുത്താന്‍ കഴിയുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ജീവനക്കാരെ പിരിച്ചുവിടല്‍, ആസ്തി വില്‍പന, കരാര്‍ റദ്ദാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ശ്രമങ്ങളിലൂടെ മാര്‍ച്ച് 24 വരെ യു.എസ് നികുതിദായകര്‍ക്ക് 115 ബില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിഞ്ഞുവെന്നും മസ്‌ക് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.