ഇന്‍ഡിഗോയ്ക്ക് 944 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്; നടപടി ബാലിശമെന്ന് കമ്പനി

ഇന്‍ഡിഗോയ്ക്ക് 944 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്; നടപടി ബാലിശമെന്ന് കമ്പനി

ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ മാതൃ കമ്പനിയ്ക്ക് 944.20 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്. ഇന്‍ഡിഗോയുടെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന് 2021 - 22 അസസ്‌മെന്റ് വര്‍ഷത്തില്‍ ആദായനികുതി വകുപ്പില്‍ നിന്ന് 944.20 കോടി രൂപ പിഴ ലഭിച്ചു എന്നാണ് വിവരം. കമ്പനി തന്നെയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

അതേസമയം പിഴ ചുമത്തിയ നടപടി തെറ്റായതും ബാലിശവുമാണെന്ന് ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് പ്രതികരിച്ചു. ഗുരുഗ്രാം ആണ് കമ്പനിയുടെ ആസ്ഥാനം. പിഴ നടപടിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും എന്ന് കമ്പനി വ്യക്തമാക്കി. പിഴ ചുമത്തിയ ഉത്തരവ് എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക കാര്യങ്ങളെയും മറ്റ് പ്രവര്‍ത്തനങ്ങളെയും ഒരു തരത്തിലും ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.

2021 - 22 അസസ്‌മെന്റ് വര്‍ഷത്തില്‍ 944.20 കോടി രൂപ പിഴ ചുമത്തി ആദായനികുതി അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. സെക്ഷന്‍ 143 (3) പ്രകാരമുള്ള അസസ്‌മെന്റ് ഉത്തരവിനെതിരെ കമ്പനി ആദായനികുതി കമ്മീഷണര്‍ മുമ്പാകെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പിഴ ചുമത്തിയ തീരുമാനം പിഴവുള്ളതാണെന്നും നിയമപരമായ യോഗ്യതയില്ലെന്നും അവകാശപ്പെട്ടുകൊണ്ട് ഇന്‍ഡിഗോ ആദായ നികുതി വകുപ്പിന്റെ അവകാശ വാദങ്ങള്‍ തള്ളിക്കളഞ്ഞു. ഉചിതമായ നിയമ മാര്‍ഗങ്ങളിലൂടെ ഈ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നതായും എയര്‍ലൈന്‍ അറിയിച്ചു. ജൂഡീഷ്യല്‍ പ്രക്രിയയില്‍ തങ്ങള്‍ക്ക് വലിയ വിശ്വാസമുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആദായ നികുതി ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍ഡിഗോയുടെ ഓഹരികള്‍ 0.32 ശതമാനം ഇടിഞ്ഞ് 5,113 രൂപയില്‍ ക്ലോസ് ചെയ്തു. സമീപകാല വ്യാപാരം അനുസരിച്ച് എയര്‍ലൈനിന്റെ ഓഹരികള്‍ വര്‍ഷം തോറും ഏകദേശം 11.36 ശതമാനം ഉയര്‍ന്നുവെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ലൈന്‍ വിപുലീകരണ പദ്ധതികളും ഭാവി വളര്‍ച്ചാ തന്ത്രങ്ങളും പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓഹരികള്‍ മുമ്പ് ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. 2024 ഡിസംബര്‍ വരെ ഇന്‍ഡിഗോയില്‍ പ്രൊമോട്ടര്‍മാര്‍ക്ക് 49.27 ശതമാനം ഓഹരികള്‍ ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.