ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ബില്‍ അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇതോടെ ബില്‍ നിയമമായി. വിജ്ഞാപനത്തിലൂടെ നിയമം പ്രാബല്യത്തില്‍ വരുന്ന തിയതി സര്‍ക്കാര്‍ അറിയിക്കും. 1995 ലെ വഖഫ് നിയമമാണ് ഭേദഗതി വരുത്തിയത്. ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ബില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും പാസായത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ബില്‍ സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റേയും വിവിധ മുസ്ലീം സംഘടനകളുടേയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്റ് സമിതിക്ക് വിട്ടു. ബിജെപി നേതാവ് ജഗദാംബിക പാലിന്റെ നേതൃത്വത്തിലുള്ള ജെപിസി രണ്ട് മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഏപ്രില്‍ രണ്ടിന് പരിഷ്‌കരിച്ച ബില്‍ അവതരിപ്പിച്ചു.
ഏപ്രില്‍ മൂന്നിന് ഏകദേശം 12 മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ബില്‍ ലോക്‌സഭയില്‍ പാസായി. 288 പേരാണ് സഭയില്‍ ബില്ലിനെ പിന്തുണച്ചത്. 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ഏപ്രില്‍ നാലിന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം 128 പേരുടെ പിന്തുണയോടെ ബില്‍ പാസായി.
അതേസമയം കടുത്ത എതിര്‍പ്പാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയത്. എന്നാല്‍ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനിര്‍മാണം നടത്തിയതെന്ന് കേന്ദ്രവ്യക്തമാക്കുകയായിരുന്നു.
പുതിയ നിയമം അനുസരിച്ച് വഖഫ് കൗണ്‍സിലില്‍ രണ്ട് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ പരമാവധി നാല് അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകും. മാത്രമല്ല സ്വത്ത് വഖഫ് ആണോ അതോ സര്‍ക്കാരിന്റേതാണോ എന്ന് ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍മാരുടെ റാങ്കിന് മുകളിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരായിരിക്കും. അതേസമയം നിയമത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും എഐഎംഐഎമ്മും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.