തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന്‍ അനുവദിക്കുന്നത്.വാക്സിനെടുക്കാന്‍ സൗകര്യപ്രദമായ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുക്കാം.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
കോവിന്‍ പോര്‍ട്ടല്‍ വഴിയും (https://www.cowin.gov.in) ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കണം. മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കാന്‍ ഒറ്റത്തവണ പാസ്വേഡ് അയച്ച് പരിശോധന നടത്തും. രജിസ്ട്രേഷന്‍ സമയത്ത് വാക്സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമായ തീയതിയും കാണാം.
അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷന്‍ നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റെയും രേഖകളില്‍ മാറ്റംവരുത്താനും ഒഴിവാക്കാനും കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 മുതല്‍ 59 വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം.
രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും. വാക്സിനെടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സ്വീകരിക്കും. 45 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.