'ഇന്ത്യ തനിക്ക് സ്വന്തം കുടുംബം പോലെ'; ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഇന്ന് ഇന്ത്യയിലെത്തും

'ഇന്ത്യ തനിക്ക് സ്വന്തം കുടുംബം പോലെ'; ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരമാണ് ശൈഖ് ഹംദാന്‍ ഇന്ത്യയില്‍ എത്തുന്നത്. വിവിധ മേഖലകളില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്ര പ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാകും.

ഷെയ്ഖ് ഹംദാന്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ച് ഇന്ന് ആദ്യമായി ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തുമ്പോള്‍, മക്തും കുടുംബത്തിലെ നാല് തലമുറകള്‍ക്ക് ഇന്ത്യയുമായുള്ള അഭേദ്യ ബന്ധത്തിന്റെ ചരിത്രവും തന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നുവെന്നാണ് അദേഹം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഷെയ്ഖ് ഹംദാന് ഉച്ചവിരുന്നൊരുക്കും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായും ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തും. പര്യടനത്തിന്റെ രണ്ടാം ദിവസമായ ഒന്‍പതിന് ഷെയ്ഖ് ഹംദാന്‍ മുംബൈ സന്ദര്‍ശിക്കും. 

ഇരു രാജ്യങ്ങളിലെയും പ്രമുഖ ബിസിനസുകാരുമായുള്ള ബിസിനസ് റൗണ്ട് ടേബിളിലും അദേഹം പങ്കെടുക്കും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, നൈപുണ്യ ശേഷി പങ്കുവയ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനൊപ്പം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും ചര്‍ച്ച ചെയ്യും. 

സ്വന്തം കുടുംബം പോലെയാണ് തനിക്ക് ഇന്ത്യ. അത് 38 ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാര്‍ യുഎഇയെ അവരുടെ രണ്ടാം വീടായി കരുതുന്നതു കൊണ്ട് മാത്രമല്ല. ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ, തലമുറകളുടെ പാരമ്പര്യമുള്ളത് കൊണ്ടു കൂടിയാണെന്ന് അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.