ധാക്ക: ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയതിനെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധം നടത്തിയവര്‍ വിദേശ ബ്രാന്‍ഡുകളായ കെ.എഫ്.സി, ബാറ്റ, പിസാ ഹട്ട്, പ്യൂമ തുടങ്ങിയവയുടെ ഔട്ട്ലെറ്റുകള്‍ കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തു. ഈ കമ്പനികള്‍ക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക, ചിറ്റഗോങ്, സില്‍ഹട്ട്, കോമില, ഘുല്‍ന, ബരിശാല്‍ തുടങ്ങിയ നഗരങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ രാജ്യത്തേക്ക് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ ഇടക്കാല സര്‍ക്കാര്‍ ആഗോള നിക്ഷേപക സംഗമം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി 70 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിഷയത്തില്‍ പ്രതിഷേധവുമായി ചെക്ക് റിപ്പബ്ലിക്കന്‍ കമ്പനിയായ ബാറ്റ രംഗത്ത് വന്നു. തങ്ങള്‍ക്ക് ഇസ്രയേലുമായി ബന്ധമില്ലെന്നും അക്രമ സംഭവങ്ങളെ അപലപിക്കുന്നുവെന്നും ബാറ്റ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. അക്രമിക്കപ്പെട്ട കമ്പനികളുടെ ഉടമസ്ഥര്‍ക്ക് ഇസ്രയേല്‍ ബന്ധമുണ്ടെന്ന അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.