ചൊവ്വയില്‍ നേരിട്ട് ലാന്‍ഡിങ് നടത്താന്‍ മംഗള്‍യാന്‍ 2; അത്യന്തം സങ്കീര്‍ണമായ സാങ്കേതിക വിദ്യ പരീക്ഷിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ

ചൊവ്വയില്‍ നേരിട്ട് ലാന്‍ഡിങ് നടത്താന്‍ മംഗള്‍യാന്‍ 2; അത്യന്തം സങ്കീര്‍ണമായ  സാങ്കേതിക വിദ്യ പരീക്ഷിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ

ബംഗളുരു: ഇന്ത്യയുടെ രണ്ടാമത്തെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ 2 ന്റെ വിശദാംശങ്ങള്‍ പങ്ക് വച്ച് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍. മംഗള്‍യാന്‍ 1 ല്‍ നിന്ന് വ്യത്യസ്തമായി ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡറും ഹെലികോപ്റ്ററും ഉള്‍പ്പെടുന്ന ദൗത്യമാണിത്.

രണ്ട് ഘട്ടമായാണ് ഇതിന്റെ പ്രയാണം. എല്‍.വി.എം 3 റോക്കറ്റില്‍ വിക്ഷേപിക്കുന്ന 4,500 കിലോഗ്രാം ഭാരമുള്ള പേടകം ആദ്യം ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തും. അവിടെ നിന്ന് ക്രൂയിസ് സ്റ്റേജും ഡിസെന്റ് സ്റ്റേജും ചേര്‍ന്ന മൊഡ്യൂള്‍ മാസങ്ങള്‍ നീണ്ട ചൊവ്വയിലേക്കുള്ള യാത്ര ആരംഭിക്കും. പേടകത്തെ ഭൂമിയില്‍ നിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത് ക്രൂയിസ് സ്റ്റേജ് ആയിരിക്കും.

മംഗള്‍യാന്‍ 2 ചൊവ്വയുടെ അടുത്തെത്തുമ്പോള്‍ ഡിസെന്റ് സ്റ്റേജ് ക്രൂയിസ് സ്റ്റേജില്‍ നിന്ന് വേര്‍പെട്ട് ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് നേരിട്ട് പ്രവേശിക്കും. സാധാരണയായി മറ്റ് ദൗത്യങ്ങളില്‍ ഭ്രമണപഥത്തില്‍ കറങ്ങിയ ശേഷമാണ് ലാന്‍ഡിങ് നടത്താറുള്ളത്. എന്നാല്‍ മംഗള്‍യാന്‍-2 ഈ രീതി ഒഴിവാക്കി നേരിട്ടുള്ള ലാന്‍ഡിങ് നടത്തും. അത്യന്തം സങ്കീര്‍ണമായ ഒരു സാങ്കേതിക വിദ്യയാണിത്.

അതിവേഗത്തിലുള്ള ഈ ലാന്‍ഡിങിന്റെ വേഗത കുറയ്ക്കുന്നതിനായി എയ്‌റോ ബ്രേക്കിങ് എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ സഹായത്തോടെ ലാന്‍ഡറിന്റെ വേഗത കുറയ്ക്കുക എന്ന രീതിയാണ് അവലംബിക്കുക.

തീവ്രമായ ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഷെല്ലും, ശബ്ദത്തേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന പാര ച്യൂട്ടുകളും ഇതിനായി ഉപയോഗിക്കും. ഇവ അന്തരീക്ഷത്തിന്റെ ഘര്‍ഷണത്തെ അതിജീവിച്ച് പേടകത്തിന്റെ വേഗത ഗണ്യമായി കുറയ്ക്കും.

ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 1.3 കിലോമീറ്റര്‍ മുകളില്‍ എത്തുമ്പോള്‍ ലാന്‍ഡിങ് ദൗത്യത്തിന്റെ അവസാന ഘട്ടം ആരംഭിക്കും. ഇവിടെ ലാന്‍ഡറിലെ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് നിയന്ത്രിതവും കൃത്യവുമായ ലാന്‍ഡിങ് ഉറപ്പാക്കും.

മംഗള്‍യാന്‍ 2 വിജയിച്ചാല്‍ മറ്റൊരു ഗ്രഹത്തില്‍ ലാന്‍ഡിങ് നടത്തുന്ന ആദ്യ ഇന്ത്യന്‍ ദൗത്യമായി ഇത് മാറും. ഈ നേട്ടം കൈവരിക്കുന്ന ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടും.

2013 ല്‍ വിക്ഷേപിച്ച മംഗള്‍യാന്‍ 1, ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയ ഇന്ത്യയുടെ ആദ്യ ദൗത്യമായിരുന്നു. കുറഞ്ഞ ചെലവില്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ ഈ ദൗത്യം ലോകശ്രദ്ധ നേടി. ചൊവ്വയുടെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്‍കാനും മംഗള്‍യാന്‍ 1 ന് സാധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.