ലിമ: നൊബേല്‍ സമ്മാന ജേതാവും വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനുമായ മരിയൊ വര്‍ഗാസ് യോസ(89) അന്തരിച്ചു. അര നൂറ്റാണ്ടിലേറെ നീണ്ട സാഹിത്യ സപര്യയില്‍ ദി ടൈം ഓഫ് ദി ഹീറോ, കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് എന്നിവയുള്‍പ്പടെ നിരവധി നോവലുകള്‍ എഴുതി.
വിഖ്യാത എഴുത്തുകാരന്‍ മാര്‍ക്കേസുമായുള്ള ഭിന്നത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 2010 ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം യോസയ്ക്ക് ലഭിക്കുന്നത്. ലാറ്റിനമേരിക്കയുടെ, പ്രത്യേകിച്ചും പെറുവിന്റെയും ബ്രസീലിന്റെയും ചരിത്രവും സാമൂഹിക-രാഷ്ട്രീയ സംഭവങ്ങളുമാണ് യോസയുടെ നോവലുകളിലെ മുഖ്യപ്രമേയം.
'എല്ലാ ഏകാധിപതികളും ലോകത്തെവിടെ ആയാലും ഒരേ പോലെയാണ്. അതുകൊണ്ടു തന്നെ ഇക്കഥ എല്ലാ ഏകാധിപതികളെക്കുറിച്ചുമാണ്. ഏകാധിപതികളെ സൃഷ്ടിക്കുന്നത് അവരല്ല, അവര്‍ക്കു ചുറ്റുമുള്ളവരാണ്. അതിനാല്‍ ഇത് ഏകാധിപത്യത്തെക്കുറിച്ചും ഉള്ള കഥയാകുന്നു. ഏത് ഏകാധിപത്യത്തിലും ഏറ്റവും അധികം സഹിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്' എന്ന് 2010 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പ്രൈസ് ലഭിച്ച 'ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്' എന്ന നോവലില്‍ യോസ എഴുതി.
കോളജ് അധ്യാപകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും യോസ പ്രശസ്തനാണ്. എല്‍ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യ തരംഗത്തിലെ അവസാന അംഗം കൂടിയാണ് അദേഹം. യോസയുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'രണ്ടാനമ്മക്ക്' സ്തുതി എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പതിനാറാമത്തെ വയസില്‍ സൈനിക അക്കാദമിയിലെ പഠനമുപേക്ഷിച്ച് യോസ എഴുത്തിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞു. പത്തൊമ്പതാം വയസില്‍ തന്നെക്കാള്‍ പത്തു വയസിലധികം പ്രായമുള്ള അടുത്ത ബന്ധുവുമായ ഹുലിയ അര്‍ക്കീദിയെ വിവാഹം കഴിച്ചു. ഈ ബന്ധം വേര്‍പെട്ടതിന്നു ശേഷം 1965 ല്‍ അദ്ദേഹം മറ്റൊരു അടുത്ത ബന്ധുവായ പട്രീസ്യ യോസയെ വിവാഹം കഴിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.