വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള സ്ഥിരം കമ്മീഷന്റെ പ്രസിഡന്റായി പ്രൊഫ. എല്‍വിറ കജാനോയെ നിയമിച്ചു. ആദ്യമായാണ് ഈ സുപ്രധാന തസ്തികയില്‍ ഒരു വനിത എത്തുന്നത്.
റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയിലെ ചരിത്ര-സാംസ്‌കാരിക പൈതൃക വിഭാഗത്തിലെ അധ്യാപികയാണ് പ്രൊഫ. എല്‍വിറ കജാനോ. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനാണ് കജാനോയെ നിയമിച്ചിരിക്കുന്നത്.
വത്തിക്കാന്‍ മ്യൂസിയങ്ങളുടെ മുന്‍ ഡയറക്ടറും 2017 ജനുവരി മുതല്‍ പ്രസിഡന്റുമായ പ്രൊഫ. ഫ്രാഞ്ചെസ്‌കോ ബുറാനെല്ലിക്കു പകരമായിട്ടാണ് പ്രൊഫ. എല്‍വിറ ചുമതലയേല്‍ക്കുന്നത്. 1955 മെയ് 29ന് പാര്‍മയില്‍ ജനിച്ച എല്‍വിറ റോമിലെ ലാ സാപിയന്‍സ സര്‍വകലാശാലയില്‍ നിന്ന് വാസ്തുവിദ്യയില്‍ ബിരുദവും ചരിത്രം, രൂപകല്‍പ്പന, ആര്‍ക്കിടെക്ചര്‍ മേഖലയില്‍ ഡോക്ടറേറ്റും നേടി.
കേവലം അറ്റകുറ്റപ്പണി എന്ന നിലയിലല്ല, മറിച്ച് ചരിത്രത്തിന്റെ മുറിവുകള്‍ മായ്ക്കാതെ സംരക്ഷിക്കേണ്ടതിന്റെയും ഓരോ സ്മാരകവും നിശബ്ദമായി വഹിക്കുന്ന കാര്യങ്ങളെ ബഹുമാനിക്കേണ്ടതിന്റെയും ആവശ്യകതയെ ചൂണ്ടിക്കാട്ടി നിരവധി രചനകള്‍ അവര്‍ നടത്തിയിട്ടുണ്ട്.
പീയൂസ് പതിനൊന്നാമന്‍ പാപ്പയാണ് പരിശുദ്ധ സിംഹാസനത്തിലെ ചരിത്രപരവും കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള സ്ഥിരം കമ്മീഷനെ 1923 ജൂണ്‍ 27 ന് സ്ഥാപിച്ചത്.
2001 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കീഴില്‍ സാംസ്‌കാരിക പൈതൃക സംരക്ഷണ നിയമം നിലവില്‍ വന്നതോടെ വത്തിക്കാന്‍ സിറ്റിയിലും വിദേശ പ്രദേശങ്ങളിലും നടത്തുന്ന എല്ലാ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, പുതിയ നിര്‍മ്മാണങ്ങള്‍, പ്രദര്‍ശന പദ്ധതികള്‍, സംരക്ഷണ ഇടപെടലുകള്‍ എന്നിവയിലും കമ്മീഷന് അഭിപ്രായവും നിര്‍ദേശവും പങ്കുവെയ്ക്കാന്‍ അവസരമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.