വത്തിക്കാൻ സിറ്റി: പെസഹാവ്യാഴം, ദുഖവെള്ളി ദിവസങ്ങളിൽ വത്തിക്കാനിലെ തിരുക്കർമ്മങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകില്ല. പകരം മൂന്ന് കർദിനാൾമാർക്ക് മാർപാപ്പ ചുമതല നൽകി. വിശ്രമത്തിലും ചികിത്സയിലും തുടരുന്ന പാപ്പയുടെ അനാരോഗ്യത്തെ തുടർന്നാണ് കർദിനാൾമാരെ വിശുദ്ധവാരത്തിലെ ശുശ്രൂഷകളുടെ നേതൃത്വം ഏൽപ്പിച്ചത്.
പെസഹാ വ്യാഴാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസം കുർബാന അർപ്പിക്കാൻ ഇറ്റാലിയൻ കർദിനാൾ ഡൊമെനിക്കോ കാൽകാഗ്നോയെ നിയോഗിച്ചു. കിഴക്കൻ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദിനാൾ ക്ലാവുഡിയോ ഗുജെറോത്തി ദുഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വത്തിക്കാൻ ബസിലിക്കയിൽ നടക്കുന്ന പീഡാനുഭവ ശുശ്രൂഷയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.
അന്നേദിനം വൈകുന്നേരം റോമിലെ വികാരി ജനറൽ കർദിനാൾ ബാൽദസാരെ റെയ്‌ന, ഫ്രാൻസിസ് പാപ്പ എഴുതിയ ധ്യാനങ്ങളോടെ കൊളോസിയത്തിൽ നടക്കുന്ന കുരിശിന്റെ വഴിക്ക് മുഖ്യകാർമികത്വം നൽകും. ശനിയാഴ്ച വൈകുനേരത്തെ ഈസ്റ്റർ വിജിൽ കുർബാനക്കും ഈസ്റ്റർ ഞായറാഴ്ചത്തെ കുർബാനക്കും ആര് കാർമികത്വം വഹിക്കുമെന്ന്
ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.