ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ അതിവേഗ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ബുള്ളറ്റ് ട്രെയിനുകളുടെ ഈറ്റില്ലമായ ജപ്പാന്‍ ഇതിനായി ഇന്ത്യയെ സഹായിക്കാം എന്ന് അറിയിച്ചിരിക്കുകയാണ്. പരീക്ഷണ, പരിശോധന ആവശ്യങ്ങള്‍ക്കായി ജപ്പാന്‍ തങ്ങളുടെ രണ്ട് ഐക്കണിക് ഷിങ്കന്‍സെന്‍ ട്രെയിനുകള്‍ ഇന്ത്യയ്ക്ക് സമ്മാനിക്കും.
ഷിങ്കന്‍സെന്‍ എന്നത് ജപ്പാന്റെ അതിവേഗ റെയില്‍ സാങ്കേതികവിദ്യയെ സൂചിപ്പിക്കുന്നു. നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയില്‍ ട്രയല്‍ റണ്‍ നടത്താന്‍ ജപ്പാനില്‍ നിന്നുള്ള ട്രെയിന്‍ സെറ്റുകള്‍ ഉപയോഗിക്കും എന്നാണ് വിവരം. ഇ-5 സീരീസില്‍ നിന്നുള്ളതും ഇ-3 സീരീസില്‍ നിന്നുള്ളതുമായ രണ്ട് ട്രെയിന്‍ സെറ്റുകള്‍ പരിശോധനാ ഉപകരണങ്ങള്‍ ഘടിപ്പിച്ച ശേഷം 2026 ന്റെ തുടക്കത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കും.
ടോക്കിയോ ആസ്ഥാനമായുള്ള ദി ജപ്പാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയില്‍ പാതയായിരിക്കും മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ ഇടനാഴി. ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ആണ് ഇത് വികസിപ്പിക്കുന്നത്.
മുംബൈ-അഹമ്മദാബാദ് റൂട്ടിലെ സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ജോലികള്‍ പൂര്‍ത്തിയായ ശേഷം പരീക്ഷണത്തിനും പരിശോധനയ്ക്കുമായി ജപ്പാന്റെ ട്രെയിനുകള്‍ ഉപയോഗിക്കും. ഉയര്‍ന്ന താപനില, പൊടി എന്നിവ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടെയുള്ള ഡ്രൈവിങ് അവസ്ഥകളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കാന്‍ രണ്ട് ട്രെയിന്‍ സെറ്റുകളും ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
ഇന്ത്യയില്‍ ഭാവിയില്‍ ഇ-10 ട്രെയിനുകളുടെ ഉല്‍പാദന സാധ്യതകളെയും പരീക്ഷണങ്ങള്‍ പിന്തുണയ്ക്കും. ഇ-10 അടുത്ത തലമുറ ഷിങ്കന്‍സെന്‍ മോഡലാണ്. 2016 ല്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രകാരം ഇന്ത്യയില്‍ ഷിങ്കന്‍സെന്‍ ട്രെയിനുകള്‍ നിര്‍മിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്നത്തെ ജാപ്പനീസ് പ്രധാനമന്ത്രി എതിരാളി ഷിന്‍സോ ആബെയുമായി ഒരു കരാറില്‍ ഒപ്പുവെച്ചിരുന്നു.
ജാപ്പനീസ് സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് മാറ്റുന്നതിന് അനുവദിക്കുന്നതാണ് ഈ കരാര്‍. മുംബൈയേയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ഏകദേശം 500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ ഇടനാഴിയില്‍ 2030 കളുടെ തുടക്കത്തില്‍ ജപ്പാന്‍ റെയില്‍വേയില്‍ നിന്ന് അത്യാധുനിക ഇ-10 സീരീസ് ഷിങ്കന്‍സെന്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനും ഇരു സര്‍ക്കാരുകളും പദ്ധതിയിട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.