'അഭിപ്രായം വ്യക്തിപരം': ജുഡീഷ്യറിക്കെതിരായ എംപിമാരുടെ പരാമര്‍ശം തള്ളി ബിജെപി

 'അഭിപ്രായം വ്യക്തിപരം': ജുഡീഷ്യറിക്കെതിരായ എംപിമാരുടെ പരാമര്‍ശം തള്ളി  ബിജെപി

ന്യൂഡല്‍ഹി: സുപ്രീം കോടതിക്കെതിരെ എംപിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശര്‍മ്മയും നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തള്ളി ബിജെപി. പ്രസ്താവനകള്‍ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും പ്രസിഡന്റ് ജെ.പി നഡ്ഡ എക്‌സില്‍ കുറിച്ചു.

'നിയമ വ്യവസ്ഥയെയും ചീഫ് ജസ്റ്റിസിനെയും കുറിച്ചുള്ള എംപിമാരായ നിഷികാന്ത് ദുബെയുടെയും ദിനേശ് ശര്‍മ്മയുടെയും അഭിപ്രായങ്ങളുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ഇത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ബിജെപി അവയോട് യോജിക്കുന്നില്ല. അത്തരം പരാമര്‍ശങ്ങളെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. ബിജെപി അവയെ പൂര്‍ണമായും തള്ളിക്കളയുന്നു'- നഡ്ഡ വ്യക്തമാക്കി.

ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഇരു നേതാക്കളോടും മറ്റ് പാര്‍ട്ടി അംഗങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി എപ്പോഴും ജുഡീഷ്യറിയെ ബഹുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉള്‍പ്പെടെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഒരു പാര്‍ട്ടി എന്ന നിലയില്‍ വിശ്വസിക്കുന്നതിനാല്‍ അതിന്റെ നിര്‍ദേശങ്ങളും ഉത്തരവുകളും സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നും നഡ്ഡ പറഞ്ഞു.

സുപ്രീം കോടതി നിയമങ്ങള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാര്‍ലമെന്റിന്റെ നിലനില്‍പ്പ് അപ്രസക്തമാകുമെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞത്. സുപ്രീം കോടതി നിയമങ്ങള്‍ നിര്‍മിക്കുകയാണമെങ്കില്‍ പാര്‍ലമെന്റ് അടച്ചു പൂട്ടണമെന്നും അദേഹം വിമര്‍ശിച്ചിരുന്നു.

വഖഫ് ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന വാദം കേള്‍ക്കലിനിടെയാണ് അദേഹത്തിന്റെ പരാമര്‍ശങ്ങള്‍. തൊട്ടു പിന്നാലെ ബിജെപി എംപിയും ഉത്തര്‍പ്രദേശ് മുന്‍ ഉപ മുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ്മയും സുപ്രീം കോടതിയെ വിമര്‍ശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.