വത്തിക്കാൻ സിറ്റി: മാസിമിലിയാനോ സ്‌ട്രാപ്പെറ്റി എന്ന നഴ്സ് മാർപാപ്പക്ക് എപ്പോഴും പ്രിയപ്പെട്ടവനായിരുന്നു. ആശുപത്രി വാസത്തിന് ശേഷം വിശ്വാസികളെ അഭിസംബോധന ചെയതപ്പോൾ പോലും മാസിമിലിയാനോ സ്‌ട്രാപ്പെറ്റിയായിരുന്നു പാപ്പാക്ക് ഒപ്പം നിന്നതും മൈക്ക് നീട്ടികൊടുത്തതും.
പാപ്പ തന്റെ അവസാന സന്ദേശത്തിലും മാസിമിലിയാനോ സ്‌ട്രാപ്പെറ്റിയെ ചേർത്ത് പിടിച്ചിരുന്നു. ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾക്കിടയിലേക്ക് തന്നെ കൊണ്ടുപോയ സഹായിയോട് നന്ദി പറഞ്ഞതായിരുന്നു മാർപാപ്പയുടെ അവസാന വാക്കുകളെന്ന് വത്തിക്കാൻ വെളിപ്പെടുത്തി.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഈസ്റ്റർ ദിനത്തിൽ പാപ്പ അൻപതിനായിരത്തോളം വിശ്വാസികളുടെ അടുക്കൽ പോപ്പ്മൊബീലിൽ എത്തിയിരുന്നു. ചത്വരത്തിലേക്ക് തന്നെ കൊണ്ടുപോയതിന് മാസിമിലിയാനോ സ്‌ട്രാപ്പെറ്റിയോട് മാർപാപ്പ നന്ദി പറഞ്ഞിരുന്നു.
ഈസ്റ്റർ ദിനത്തിൽ മുഴുവൻ സന്തോഷവാനായിരുന്ന പാപ്പ ഉച്ചകഴിഞ്ഞ് വിശ്രമിച്ചു. രാത്രി ഭക്ഷണം കഴിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അസ്വസ്ഥത ആരംഭിച്ചത്. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ കൈ ഉയർത്തി സ്ട്രപ്പെറ്റിയോട് യാത്ര പറഞ്ഞു. ഉടൻ അബോധാവസ്ഥയിലായി. ശാന്തനായി മരണത്തിലേക്ക് നീങ്ങിയെന്നാണ് വത്തിക്കാൻ പറഞ്ഞത്.
2022 ആഗസ്റ്റ് നാലിനാണ് മാസിമിലിയാനോ സ്‌ട്രാപ്പെറ്റിയെ മാർപാപ്പ വ്യക്തിഗത സഹായിയായി നിയമിച്ചത്. വത്തിക്കാന്റെ മെഡിക്കല്‍ സംഘത്തില്‍ നേരത്തെ മുതല്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദേഹം. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയെയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെയും മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുമുണ്ട്. അനുഭവസമ്പത്തും അർപ്പണബോധവും മാസിമിലിയാനോ സ്‌ട്രാപ്പെറ്റിയെ വത്തിക്കാനിലെ വിശ്വസ്ത വ്യക്തിയാക്കി.
റോമിലെ ജെമെല്ലി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എട്ട് വർഷം സേവനമനുഷ്ഠിച്ച ശേഷം 54 വയസുള്ള നഴ്‌സ് 2002 മുതൽ വത്തിക്കാനിൽ ജോലി ചെയ്യുന്നുണ്ട്. വത്തിക്കാൻ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ നഴ്‌സുമാരുടെ കോർഡിനേറ്ററായി അദ്ദേഹം സേവനമനുഷ്ഠിക്കുകയും ഭവനരഹിതർക്കായുള്ള വത്തിക്കാന്റെ മെഡിക്കൽ ചാരിറ്റിയിൽ സജീവ പങ്കുവഹിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.