വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തിയതി തീരുമാനിക്കാന്‍ കര്‍ദ്ദിനാള്‍മാരുടെ യോഗം ഇന്നും ചേരും. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ കര്‍ദ്ദിനാള്‍മാരുടെ രഹസ്യ യോഗം ചേരുന്നതിനാല്‍ എല്ലാ കണ്ണുകളും ഇപ്പോള്‍ കോണ്‍ക്ലേവിലേക്കാണ് ഉറ്റുനോക്കുന്നത്. മാര്‍പാപ്പയുടെ മരണശേഷം ഇന്ന് കര്‍ദ്ദിനാള്‍മാര്‍ അഞ്ചാമത്തെ പൊതുയോഗമാണ് ചേരുന്നത്. ഇന്നത്തെ യോഗത്തില്‍ കോണ്‍ക്ലേവ് സംബന്ധിച്ച തിയതി തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയില്‍ നിന്ന് താന്‍ പ്രതീക്ഷിക്കുന്നത് അദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണെന്ന് മാലിയന്‍ കര്‍ദ്ദിനാള്‍ ജീന്‍ സെര്‍ബോ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പ ലോകത്തിന് നല്‍കിയ സന്ദേശം അടച്ചുപൂട്ടലിന്റെയല്ല, മറിച്ച് തുറന്ന മനസിന്റെ സന്ദേശമായിരുന്നു. എല്ലാവരെയും പ്രത്യേകിച്ച് ഏറ്റവും ദരിദ്രരെ ചേര്‍ത്തുനിര്‍ത്താനുള്ള ആഹ്വാനമായിരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് നാലിന് അവസാനിക്കുന്ന ഒമ്പത് ദിവസത്തെ മാര്‍പ്പാപ്പയുടെ ദുഖാചരണത്തിന് ശേഷം, മെയ് അഞ്ചിനോ ആറിനോ കോണ്‍ക്ലേവ് നടക്കുമെന്ന് ലക്‌സംബര്‍ഗ് കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിച്ച് കഴിഞ്ഞ ആഴ്ച സൂചന നല്‍കിയിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീഴില്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ അടുത്ത മാര്‍പാപ്പയാകാന്‍ സാധ്യതയുള്ളവരില്‍ മുന്‍പന്തിയിലെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന ഒരു കുര്‍ബാനയ്ക്ക് അദേഹമായിരുന്നു മുഖ്യകാര്‍മികത്വം വഹിച്ചത്. വത്തിക്കാന്‍ റിപ്പോര്‍ട്ട് പ്രകാരം 200,000 പേര്‍ അതില്‍ പങ്കെടുത്തിരുന്നു. 80 വയസിന് താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്ക് മാത്രമേ കോണ്‍ക്ലേവില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളൂ. 135 പേര്‍ക്ക് അര്‍ഹതയുണ്ട്. അവരില്‍ ഭൂരിഭാഗവും ഫ്രാന്‍സിസ് പാപ്പ സ്വയം നിയമിച്ചവരാണ്.
അതേസമയം റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവകുടീരം കാണാന്‍ വന്‍ ജനക്കൂട്ടമാണ് ഒഴുകിയെത്തുന്നത്. നാല് ലക്ഷം പേര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പിന്നാലെ ഫ്രാന്‍സിസ് പാപ്പയുടെ അന്ത്യവിശ്രമ സ്ഥലമായ സാന്താ മരിയ മാഗിയോര്‍ ബസിലിക്കയിലേക്ക് പതിനായിരക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നത്. അദേഹം ജനമനസില്‍ എത്രമാത്രം ആഴത്തില്‍ പതിഞ്ഞിരുന്നു എന്നതിന്റെ മറ്റൊരു തെളിവായിരുന്നു അത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.