തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരം വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയില്‍ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അന്ത്യം.
ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു. സിനിമ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ ജെസി ഡാനിയേല്‍ അവാര്‍ഡ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. അതായിരുന്നു ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടി.
എഴുപതോളം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത 'പിറവി', കാന്‍ ചലച്ചിത്ര മേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടി തന്നു.
കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി 2009 ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ഏഴ് വീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാ സാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്', പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1952 ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബിരുദവും 1974 ല്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1998 ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാനായിരുന്നു. നിലവില്‍ കെഎസ്എഫ്ഡിസി ചെയര്‍മാനാണ്.
ഡോ. പി. കെ. ആര്‍ വാര്യരുടെ മകള്‍ അനസൂയ വാര്യരെ 1975 ജനുവരി ഒന്നിന് ഷാജി വിവാഹം കഴിച്ചു. മക്കള്‍: അനില്‍ (ഐസര്‍, തിരുവനന്തപുരം) അപ്പു(ജര്‍മ്മനി). മരുമക്കള്‍: ഡോ.നീലിമ (സൈക്കോളിജിസ്റ്റ് ഐസര്‍), ശീതള്‍ (സൈബര്‍ സ്‌പെഷ്യലിസ്റ്റ്, ജര്‍മ്മനി).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.