ഓസ്ട്രേലിയ ശനിയാഴ്ച പോളിങ് ബൂത്തിലേക്ക്; ഇതിനകം വോട്ടുകൾ രേഖപ്പെടുത്തിയത് 40 ലക്ഷം പേർ

ഓസ്ട്രേലിയ ശനിയാഴ്ച പോളിങ് ബൂത്തിലേക്ക്; ഇതിനകം വോട്ടുകൾ രേഖപ്പെടുത്തിയത് 40 ലക്ഷം പേർ

മെൽബൺ: ഓസ്ട്രേലിയയിൽ ശനിയാഴ്ച പൊതുതിരഞ്ഞെടുപ്പ്. 40 ലക്ഷം പേർ ഇതിനകം വോട്ടുകൾ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. 2022 ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ കണക്കാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ വോട്ടിങ് രീതികളിലെ മാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നു.

കൂടുതൽ ആളുകൾക്ക് അവരുടെ ജോലി സമയക്രമത്തിനും ജീവിതശൈലിക്കും അനുസൃതമായി നേരത്തെ വോട്ടുചെയ്യാൻ കഴിയുമെന്ന് സിഡ്‌നി സർവകലാശാലയിലെ ഓസ്‌ട്രേലിയൻ പൊളിറ്റിക്‌സ് പ്രൊഫസർ റോഡ്‌നി സ്മിത്ത് പറഞ്ഞു.
നേരത്തെ വോട്ടർമാരെ ലക്ഷ്യം വയ്ക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രചാരണ പാതകൾ മാറ്റിയിട്ടുണ്ടെന്ന് ലാ ട്രോബ് സർവകലാശാലയിലെ ഫീബ് ഹെയ്‌മാൻ പറഞ്ഞു. കൂടുതൽ വോട്ടർമാരെ ലക്ഷ്യം വയ്ക്കുന്നതിനായി പല പാർട്ടികളും ഇപ്പോൾ സ്ഥിരം പ്രചാരണ മാതൃകയിലേക്ക് മാറിയിട്ടുണ്ടെന്നും ഹെയ്‌മാൻ കൂട്ടിച്ചേർത്തു.

2025 ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ ഇതുവരെ 2.6 ദശലക്ഷം ആളുകൾ പോസ്റ്റൽ വോട്ടിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. എന്നാൽ അപേക്ഷിച്ച എല്ലാവരും തപാൽ വഴി വോട്ട് ചെയ്യണമെന്ന് ഇതിനർത്ഥമില്ല. ആളുകൾക്ക് അവരുടെ മനസ് മാറ്റി ആ ദിവസമോ പ്രീ-പോളിംഗ് സമയത്തോ വോട്ട് ചെയ്യാൻ സാധിക്കും. പ്രാദേശിക പ്രദേശങ്ങളിൽ മൊബൈൽ വോട്ടിഗ് ടീമുകൾ വഴി 100,000-ത്തിലധികം ആളുകൾ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ലേബർ പാർട്ടി നേതാവ് ആൻ്റണി ആൽബനീസ് ആണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി. ലിബറൽ നാഷണൽ പാർട്ടി നേതാവ് പീറ്റർ ദത്തൺ ആണ് പ്രതിപക്ഷ നേതാവ്. ഇക്കുറി ഇരു പാർട്ടികളും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നാണ് പ്രവചനം. എന്നാൽ നേരിയ ഭൂരിപക്ഷം ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് ഉണ്ടെന്നാണ് അഭിപ്രായ സർവേകൾവ്യക്തമാക്കുന്നത്. കൂടാതെ ആദം ബാൻഡ് നേതൃത്വം നൽകുന്ന ദ ഗ്രീൻസ് പാർട്ടിയും മത്സരരംഗത്തുള്ള പ്രധാന കക്ഷിയാണ്.

18 വയസിന് മുകളിലുള്ള എല്ലാ ഓസ്ട്രേലിയൻ പൗരന്മാരും നി‍ർബന്ധമായും വോട്ട് രേഖപ്പെടുത്തണം, അല്ലെങ്കിൽ പിഴ ഒടുക്കേണ്ടിവരും. ഇക്കുറി ഏകദേശം 1.8 കോടി പേർ വോട്ട് രേഖപ്പെടുത്താനായി രജിസ്റ്റർ ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇതിൽ 98 ശതമാനത്തോളം പേരും സമ്മതിദാനം വിനിയോഗിക്കാൻ യോഗ്യരാകും. ജനപ്രതിനിധി സഭയിലെ ഒരോ സീറ്റിലേക്കും മത്സരിക്കുന്ന സ്ഥാനാർഥികൾക്കെല്ലാം അതാത് വോട്ടർമാർക്ക് വോട്ട് ചെയ്യാനാകും.

ഏറ്റവും കൂടുതൽ താൽപര്യമുള്ള (Preference) സ്ഥാനാർഥിയെ 'ചോയിസ് 1' ആയി രേഖപ്പെടുത്താം. അയാൾക്ക് ശേഷം താൽപര്യമുള്ള സ്ഥാനാർഥിയെ 'ചോയിസ് 2' ആയി രേഖപ്പെടുത്താം. അങ്ങനെ ഒരു സീറ്റിൽ എത്ര സ്ഥാനാർഥിയുണ്ടോ, അതനുസരിച്ച് ചോയിസ് രേഖപ്പെടുത്താം. ബാലറ്റിൽ നൽകിയിരിക്കുന്ന സ്ഥാനാർഥികളുടെ പേരിനോട് ചേർന്നാണ് ഇക്കാര്യം രേഖപ്പെടുത്തേണ്ടത്.

വോട്ടെണ്ണലിൽ ഒരു സ്ഥാനാർഥി 50 ശതമാനത്തിന് മുകളിൽ വോട്ട് നേടിയെങ്കിൽ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കും. അതേസമയം ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിന് മുകളിൽ വോട്ട് നേടാനായില്ലെങ്കിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച സ്ഥാനാ‍ർഥിയെ മത്സരത്തിൽ നിന്ന് ഒഴിവാക്കും.

ഈ ഒഴിവാക്കിയ സ്ഥാനാർഥിക്ക് വോട്ട് ചെയ്ത വോട്ടർമാരുടെ 'ചോയിസ് 2' ആരാണെന്ന് പരിശോധിക്കും. ആ സ്ഥാനാ‍ർഥികൾക്ക് വോട്ടുകൾ നൽകും. അങ്ങനെ അടുത്ത ഘട്ടത്തിൽ ഏതെങ്കിലും സ്ഥാനാ‍ർഥി 50 ശതമാനത്തിന് മുകളിൽ വോട്ട് നേടിയോ എന്ന് പരിശോധിക്കും. നേടിയെങ്കിൽ വിജയിയെ പ്രഖ്യാപിക്കും, ഇല്ലെങ്കിൽ ഇതേ പ്രക്രിയ വീണ്ടും തുടരും.
അതേസമയം സെനറ്റിലേക്കുള്ള മത്സരത്തിൽ നിശ്ചിത ചോയിസ് മാത്രമേ രേഖപ്പെടുത്താനാകൂ. സഭയിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന പാർട്ടിയുടെ നേതാവ് അടുത്ത പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രത്യേക വോട്ടെടുപ്പ് ഉണ്ടാകില്ല. സഭയിൽ ഒരു പാർട്ടിക്കും സർക്കാർ രൂപീകരണത്തിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ചെറു പാർട്ടികളുടെയോ സ്വതന്ത്ര എംപിമാരുടെയോ പിന്തുണയോടെ സർക്കാർ രൂപീകരണം നടത്താം.

ഓസ്ട്രേലിയൻ തിരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യം

ഈ ശനിയാഴ്ച നടക്കുന്ന ഓസ്ട്രേലിയൻ ഫെഡറൽ തിര‍ഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കാരനായ പ്രധാനമന്ത്രി അന്റോണി ആൽബനീസിന് എതിരെ സിഡ്നിക്കടുത്ത ഗ്രെയ്‌ൻഡ്‌ലർ മണ്ഡലത്തിൽ മത്സരിക്കുന്നവരിൽ ഗ്രീൻസ് പാർട്ടി സ്ഥാനാർഥി ഹന്ന തോമസും. അയിരൂരിലും കുമ്പനാട്ടും വേരുകളുള്ള മലേഷ്യൻ മുൻ അറ്റോണി ജനറൽ ടോമി തോമസിന്റെ മകളാണ് ഹന്ന.

ഹന്ന

നിയമരംഗത്തും മനുഷ്യാവകാശ–പരിസ്ഥിതി രംഗത്തും പ്രവർത്തിക്കുന്ന ഹന്ന 2009 ലാണ് മലേഷ്യയിൽ നിന്ന് വിദ്യാർഥി വീസയിൽ ഓസ്ട്രേലിയയിൽ എത്തുന്നത്. ഗ്രെയ്‌ലൻഡറിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് 29 വയസ്സുള്ള ഹന്ന.

1996 മുതൽ ഇവിടുത്തെ ജനപ്രതിനിധിയായ 62 വയസ്സുള്ള ആൽബനീസിന് എതിരെ മത്സരിക്കുന്നതിൽ വലിയ കാര്യമൊന്നും ഇല്ലെങ്കിലും ചെറുപ്പക്കാരുടെ പ്രതിനിധിയായി നിലകൊണ്ട് മുതിർന്ന നേതാവിനെതിരെ നടത്തുന്ന ആശയപ്പോരാട്ടം എന്നാണ് സ്ഥാനാർഥിത്വത്തെ ഹന്ന വിശേഷിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.