കേരളത്തിലെ ഡാമുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം; പഴുതടച്ച സുരക്ഷ: രാജ്യത്ത് 259 ഇടങ്ങളില്‍ നാളെ മോക്ഡ്രില്‍

കേരളത്തിലെ ഡാമുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം; പഴുതടച്ച  സുരക്ഷ: രാജ്യത്ത് 259 ഇടങ്ങളില്‍ നാളെ മോക്ഡ്രില്‍

1971 ലെ ഇന്ത്യ-പാക് യുദ്ധ സമയത്തേതിന് സമാനമായ മുന്നറിയിപ്പ്.

തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് മുല്ലപ്പെരിയാറും ഇടുക്കിയും ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ സംസ്ഥാനങ്ങളില്‍ മോക്ഡ്രില്‍ നടത്താനിരിക്കെയാണ് ഡാമുകളുടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.

വൈദ്യുതോല്‍പാദന, ജലസേചന അണക്കെട്ടുകളുടെയെല്ലാം ഇന്ന് മുതല്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കെഎസ്ഇബി സ്റ്റേഷനുകള്‍, പവര്‍ ജനറേഷന്‍ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പോലീസ് വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മുന്നറിയിപ്പ് കേന്ദ്രം പിന്‍വലിക്കുന്നതുവരെ അധിക സുരക്ഷാ വിന്യാസം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്ത് നാളെ 259 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടത്തുന്നത്. മൂന്ന് സിവില്‍ ഡിഫന്‍സ് ഡിസ്ട്രിക്ടുകളാക്കിയാണ് മോക്ഡ്രില്‍. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും ലക്ഷദ്വീപിലെ കവരത്തിയിലും മോക്ഡ്രില്‍ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സിവില്‍ ഡിഫന്‍സ് ഡിസ്ട്രിക്ട് കാറ്റഗറി ഒന്നില്‍ ഡല്‍ഹി, മഹാരാഷ്ട്രയിലെ മുംബൈ, ഉരന്‍, താരാപൂര്‍, ഗുജറാത്തിലെ സൂറത്ത്, വഡോദര, കക്രാപര്‍, ഒഡീഷയിലെ താല്‍ച്ചര്‍, രാജസ്ഥാനിലെ കോട്ട, രാവത്-ഭാട്ട, യുപിയിലെ ബുലന്ദ്ഷഹര്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നു.

കാറ്റഗറി രണ്ടിലാണ് കേരളവും ലക്ഷദ്വീപിലെ കവറത്തിയും ഉള്‍പ്പെടുന്നത്. ജമ്മു കാശ്മീരിലെ 19 സ്ഥലങ്ങള്‍ ഉള്‍പ്പെടെ, മൊത്തം 210 സ്ഥലങ്ങളാണ് കാറ്റഗറി രണ്ടിലുള്ളത്. കാറ്റഗറി മൂന്നില്‍ കശ്മീരിലെ പുല്‍വാമ, ബിഹാറിലെ ബഗുസരായ്, മഹാരാഷ്ട്രയിലെ ഔറംഗാബാദ്, റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ്, പഞ്ചാബിലെ ഫരീദ്പൂര്‍, സാംഗ്രൂര്‍ തുടങ്ങി 45 ഇടങ്ങളിലും മോക്ഡ്രില്‍ നടക്കും.

പാകിസ്ഥാനുമായുള്ള ബന്ധം കലുഷിതമാകുന്നതിനിടെ ആക്രമണം ഉണ്ടായാല്‍ നേരിടേണ്ട ഒരുക്കങ്ങളില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് മോക്ഡ്രില്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. 1971 ലെ ഇന്ത്യ-പാക് യുദ്ധ സമയത്തും സമാനമായ മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.