കത്തോലിക്കാ സഭയുടെ പരിശുദ്ധ പിതാവ് ആരായിരിക്കും?

കത്തോലിക്കാ സഭയുടെ പരിശുദ്ധ പിതാവ് ആരായിരിക്കും?

ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിന് ശേഷം ലോകത്തിലെ മുഴുവൻ മാധ്യമങ്ങളുടെയും പ്രധാന വാർത്ത പുതിയ പാപ്പയും മെയ് ഏഴിന് ആരംഭിക്കുന്ന കോൺക്ലെവും ആണ്. അത് സ്വാഭാവികവുമാണ്. ലോകത്തിലെ ക്രൈസ്തവ ജനസംഖ്യ കത്തോലിക്കരുടെ വിവിധ രാജ്യങ്ങളിലെ സാമൂഹികാവസ്ഥ, വത്തിക്കാൻ രാജ്യത്തിന്റെ സവിശേഷതയെല്ലാം ഈ വാർത്താ പ്രാധാന്യത്തിന്റെ കാരണങ്ങളാണ്‌.

പോപ്പ് എന്ന നാമത്തിൽ അറിയപ്പെടുന്ന സാർവത്രിക കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് ഭൂമിയിൽ വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. അത് വത്തിക്കാൻ എന്ന ചെറിയ രാജ്യത്തിന്റെ അധ്യക്ഷനായതുകൊണ്ടല്ല.വിശ്വാസികളുടെ പോപ്പ് യേശുക്രിസ്തുവിന്റെ കാണപ്പെടുന്ന പ്രതിനിധിയാണ്.

കത്തോലിക്ക സഭയിലെ വ്യക്തിസഭകളുടെ അധ്യക്ഷൻമാരെയും കർദിനാൾമാർ, മെത്രാൻമാർ എന്നിവരെയും നിയമിക്കുന്നതും പ്രഖ്യാപിക്കുന്നതും പോപ്പ് ആണ്. സഭയിലെ എല്ലാ തിരുസംഘങ്ങളുടെയും,സമർപ്പിത സമൂഹങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രധാന ആചാര്യൻ പോപ്പ് ആണ്. എല്ലാ അധികാരങ്ങളുടെയും പ്രധാന കേന്ദ്രം പോപ്പിൽ എത്തിനിൽക്കുന്നു. പോപ്പ് ഒരു കാര്യത്തിൽ തീരുമാനം എടുത്താൽ അതിൽ പിന്നെ മാറ്റമില്ല, അതിന് മുകളിൽ അപ്പീൽ ഇല്ല.

പാപ്പയാണ് സഭയുടെ വലിയ പിതാവും അവസാന വാക്കും. പാപ്പയ്ക്ക് വിധേയമാണ് സകല അധികാരങ്ങളും. വിശുദ്ധമായ ദൈവിക സംവിധാനത്തിന്റെ ദൃശ്യമായ അടയാളമാണ് വത്തക്കാനിലെ പോപ്പ്. പോപ്പ് പറയുന്നത് അറിയുവാൻ എക്കാലവും ലോകം വലിയ താല്പര്യം പ്രകടിപ്പിക്കുന്നു. ആയുധങ്ങളല്ല ദൈവ വചനവും വിശുദ്ധ പാരമ്പര്യങ്ങളും സഭയുടെ എഴുതപ്പെട്ട നിയമങ്ങളും ചാക്രിയ ലേഖങ്ങളും കർദിനാൾ തിരു സംഘവും സഭയെ നയിക്കുന്നു.

എന്തുകൊണ്ട് പോപ്പ് വാർത്തകളിൽ നിറയുന്നു? വാർത്തകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് വിവാദമായി അവതരിപ്പിക്കുമ്പോഴാണ്. അതുകൊണ്ട് പലപ്പോഴും നിലവിലില്ലാത്ത കാര്യങ്ങൾ ഊഹിച്ചും, വിവിധ താല്പര്യങ്ങളുടെ പേരിലും പുതിയ പോപ്പിന്റെ തിരഞ്ഞെടുപ്പും വാർത്തകളിൽ വലിയ സ്ഥാനം പിടിക്കുന്നു.

മുമ്പ് സ്വീകരിച്ച നിലപാടുകൾ, വേറിട്ട പ്രവർത്തന ശൈലി, നയങ്ങൾ, പ്രസ്താവനകൾ, പ്രവർത്തിക്കുന്ന രാജ്യം, വഹിക്കുന്ന പദവികൾ എല്ലാം പരിഗണിച്ചാണ് പാപ്പായാകുവാൻ സാധ്യതയുള്ളവരുടെ പേരുകൾ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. അതിലെ പേരുകളിൽ നിന്നും ഉചിതമായ കർദിനാളിനെ തിരഞ്ഞെടുക്കൂവാനും സാധ്യതയുണ്ട്. കാരണം അവർ കർദിനാൾ തിരുസംഘത്തിന് സുപരിചിതരാണ്.

പോപ്പ് എന്ന ഭരണ കേന്ദ്രം ഏകാധിപതിയെപോലെ ഭരിക്കുന്ന സമിതിയോ സംവിധാനമോ അല്ല കത്തോലിക്ക സഭയ്ക്ക് ഉള്ളത്.അത് ലോകം തിരിച്ചറിയുന്ന വസ്തുത യാണ്. പോപ്പ് കാലം ചെയ്തപ്പോഴും സഭയുടെ വത്തിക്കാനിലെ സാർവത്രിക സഭയുടെ മുഴുവൻ സംവിധാനങ്ങളും, വിവിധ രാജ്യങ്ങളിലെയും രൂപത, ഇടവക സംവിധാനങ്ങളും പതിവുപോലെ ശാന്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിയല്ല, ശക്തമായ മികച്ച ഒരു സംവിധാനമാണ് ഭരണകാര്യങ്ങൾക്ക്, സഭാ രീതിയിൽ പറഞ്ഞാൽ ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നത്. പരിശുദ്ധ ആൽമാവ് സഭയെ നയിക്കുന്നുവെന്ന് സഭാഗങ്ങൾ വിശ്വസിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ പാപ്പമാർ നിയമിച്ച 252 കർദിനാൾമാർ ഇപ്പോഴുണ്ട്. ഇവരിൽ പലരും അവരുടെ രാജ്യ ങ്ങളിലെ മെത്രാൻ സമിതികളുടെ പ്രധാന ചുമതകൾ വഹിക്കുന്നവരാണ്. ചിലർ ചില സ്വയാധിക്കാര സഭകളുടെ അധ്യക്ഷൻ മാരുമാണ്. രൂപതകളുടെ അധ്യക്ഷന്മാർ, സന്യാസ സഭകളിലെ അംഗങ്ങൾ എല്ലാം ഉൾപ്പെടുന്നു. രൂപതാ ഭരണത്തിൽ നിന്നും വിരമിച്ചവരും ഉണ്ട്..

ഞാൻ ഇത് എഴുതുന്നത് വത്തിക്കാനിൽ ഇരുന്നുകൊണ്ടാണ്. മുമ്പ് വന്നത് 2024 ഡിസംബറിൽ ആയിരുന്നു. മെയ് ഏഴിന് ഫ്രാൻസിസ് പാപ്പയെ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് കാണുവാനും, ആശിർവാദം സ്വീകരിക്കുവാനും സാധിച്ചു. ഒരു പോപ്പ് ആദ്യമായി എന്റെ നെറ്റിയിൽ കൈവെച്ച് അനുഗ്രഹിച്ചു, കരങ്ങളിൽ പിടിച്ചു ശുശ്രുഷകൾക്ക് ആശംസകൾ അറിയിച്ചു. അത് എങ്ങനെ മറക്കും.

കർദിനാൾ മാർ ജോർജ് കുവക്കാട്ട് പിതാവും ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനോരോഹണ ത്തിന്റെ ഭാഗമായിരുന്നു അന്നത്തെ സന്ദർശനം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വേർപാട് അറിഞ്ഞപ്പോൾ വളരെ ത്യാഗം സഹിച്ച് ഇവിടെ എത്തിയത്. ഏപ്രിൽ 24 മുതൽ വത്തിക്കാനിൽ ഉണ്ട്.

ഇവിടെ എല്ലാം വളരെ ഭംഗിയായി നടക്കുന്നു. ഒരു പോപ്പിന്റെ കുറവ് എങ്ങും കാണാറില്ല. എന്നാൽ സഭയ്ക്ക് ഒരു സ്ഥിരം നാഥനെ വേണം. അനുദിനം സഭയ്ക്ക് നേതൃത്വം നൽകുവാൻ. സാർവത്രിക സഭയ്ക്ക് കാലത്തിന് അനുയോജ്യമായ ദർശനം നൽകുവാൻ, ലോകത്തിന് ധാർമികതയുടെ വെളിച്ചം നൽകുവാൻ നമുക്ക് ഉടനെ ഒരു പാപ്പയെ ലഭിക്കും.

ഇന്ന് മെയ്‌ ഏഴിന് കോൺക്ലെവ് ആരംഭിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം മറുപടി നൽകും. കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ കർദിനാൾമാരും ദിവസവും, ഏപ്രിൽ 26 മുതൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുകയും, വിചിന്തനങ്ങൾ, വിലയിരുത്തൽ നടത്തുകയായിരുന്നു.
ആരായിയിരിക്കണം പുതിയ പോപ്പ് എന്ന് ചർച്ചകൾ നടത്തിയിട്ടില്ല. അത് കോൺക്ലെവിലും ഉണ്ടാകില്ല. അങ്ങനെ ഒരു പതിവ് കത്തോലിക്ക സഭയിലില്ല. അതിന്റെ ആവശ്യവും ഇല്ല. പുതിയ പാപ്പ ആദ്യമായി വന്ന്‌ സംസാരിക്കുന്ന വാതിൽ ഇന്നലെ റെഡ് കർട്ടൻ ഇട്ട് അലങ്കരിച്ചിരിക്കുന്നു.

ഇന്ന് രാവിലെ 10 മണിക്ക് സെന്റ്. പീറ്റേഴ്സ് ബസലിക്കയിൽ നടന്ന വിശുദ്ധ കുർബാനയിൽ കോൺക്ലെവിന് പോകുന്ന മുഴുവൻ കർദിനാൾമാരും പങ്കെടുത്തു. നിരവധി വിശ്വാസികൾ വിവിധ രാജ്യങ്ങളിൽ നിന്നും എത്തിയത് കണ്ടു. എനിക്കും പങ്കെടുക്കുവാൻ ഭാഗ്യം ലഭിച്ചു. ദൈവത്തിന് സ്തുതി. യാതൊരു ആശങ്കയും കർദിനാൾ മാരുടെ മുഖത്തോ, ഇവിടെയുള്ളവിശ്വാസികളിലോ, ഉദ്യോഗസ്തററി ലൊ കാണുവാൻ കഴിഞ്ഞില്ല. എല്ലാവര്ക്കും വലിയ പ്രതിക്ഷ, സന്തോഷം.

സഭയെ നയിക്കുന്നത് കർത്താവായ ഈശോ ആണ്. ഈശോയുടെ തുടർച്ചയാണ് സഭ. ഈ കാലഘട്ടത്തിന് യോജിച്ച വിശുദ്ധ പത്രോസ് ആരായിരിക്കണമെന്ന് പരിശുദ്ധ ആത്മാവ് വെളിപ്പെടുത്തും. ആ വിശുദ്ധ വ്യക്തിയിലേയ്ക്ക് എത്തുമ്പോൾ വെളുത്ത പുകയിലൂടെ ആ സന്തോഷം ലോകം അറിയും.

ഇന്ന് വൈകിട്ട് 5.30 ന് ആദ്യ സന്ദേശം നമുക്ക് ലഭിക്കും. ഏറെ മണിക്കൂറുകൾ, ദിവസം കാത്തിരിക്കാതെ നമുക്ക് സഭയുടെ നാഥനെ, ഏറ്റവും ഉചിതമായ വലിയ പിതാവിനെ ലഭിക്കും. കാത്തിരിക്കാം... കാതോർത്തിരിക്കാം.
വത്തിക്കാനിൽ നിന്നും സാബു ജോസ്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.