കൊച്ചി: ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അദേഹം അഗസ്റ്റീനിയന്‍ സഭയുടെ ജനറല്‍ ആയിരുന്ന കാലത്ത്, 2004 ലും 2006 ലുമായിരുന്നു സന്ദര്‍ശനങ്ങള്‍. സന്ദര്‍ശന വേളയില്‍ അദേഹം കേരളത്തിലും തമിഴ്നാട്ടിലും ഉള്ള വിവിധ അഗസ്റ്റീനിയന്‍ സമൂഹങ്ങളുമായി കൂടിക്കാഴ്ച നടത്തി.
2004 ലെ ആദ്യ സന്ദര്‍ശന വേളയില്‍, കേരളത്തില്‍ ആലുവ മരിയാപുരം, ഇടക്കൊച്ചി എന്നിവിടങ്ങളിലെ അഗസ്റ്റീനിയന്‍ ആശ്രമങ്ങളില്‍ അദേഹം ഒരു ആഴ്ചയിലധികം താമസിച്ചു. മരിയാപുരത്തെ ക്രിസ്ത്യന്‍ സഹായ റാണി ഇടവകയിലും ഇടക്കൊച്ചിയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലും അദേഹം വിശുദ്ധ കുര്‍ബാനയും അര്‍പ്പിച്ചിരുന്നു.

2004 ഏപ്രില്‍ 22 ന് കലൂര്‍ കതൃക്കടവിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍, അന്നത്തെ വരാപ്പുഴ ആര്‍ച്ച് ബിഷപ്പായിരുന്ന പരേതനായ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിനൊപ്പം ആറ് അഗസ്റ്റീനിയന്‍ ഡീക്കന്മാരെ പൗരോഹിത്യത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ദിവ്യബലി അര്‍പ്പിച്ചു എന്നത് അഭിമാനകരവും അനുഗ്രഹപ്രദവുമായ നേട്ടമാണ്.
2006 ഒക്ടോബറില്‍ ആലുവയില്‍ നടന്ന സെന്റ് അഗസ്റ്റീന്റെ ഓര്‍ഡര്‍ ഓഫ് ദി ഏഷ്യ-പസഫിക് മീറ്റിങില്‍ പങ്കെടുക്കാന്‍ മരിയാപുരത്തുള്ള അഗസ്റ്റീനിയന്‍ ഭവനത്തിലേക്ക് അദേഹം മടങ്ങിയെത്തിയപ്പോഴായിരുന്നു അദേഹത്തിന്റെ രണ്ടാമത്തെ സന്ദര്‍ശനം. വീണ്ടും അദേഹം അതേ വസതിയില്‍ താമസിക്കുകയും അടുത്തുള്ള ഇടവക പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു.
ഈ യാത്രയ്ക്കിടെ, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ രൂപതയുടെ കീഴിലുള്ള അഗസ്റ്റീനിയന്‍ പിതാക്കന്മാര്‍ നടത്തുന്ന പൊള്ളാച്ചിയിലെ ഷെന്‍ബാഗം സ്‌കൂളിലും ഹ്രസ്വ സന്ദര്‍ശനം നടത്തിയിരുന്നു.

രണ്ട് സന്ദര്‍ശനങ്ങളിലും അദേഹം വളരെ ലളിത സ്വഭാവമുള്ളവനും, എല്ലാവരുമായി പൊരുത്തപ്പെടുന്ന പ്രകൃതക്കാരനുമായിരുന്നുവെന്ന് ഫാ. ജേക്കബ് മുല്ലശേരി അനുസ്മരിച്ചു. അദേഹം ഒരിക്കലും പ്രത്യേക പരിഗണന ആവശ്യപ്പെട്ടിരുന്നില്ല. സാധാരണ വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നത്. ആലുവയിലും ഇടക്കൊച്ചിയിലും അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള മുറികളിലായിരുന്നു താമസം. അദേഹത്തിന്റെ വിനയം തങ്ങളെയെല്ലാം ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും ഫാ. ജേക്കബ് മുല്ലശേരി പറയുന്നു.
അദേഹം ശക്തമായ ആത്മീയ വീക്ഷണമുള്ള വ്യക്തിത്വമാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി നിരവധി തവണ വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ നടത്തിയ ഫാ. മെട്രോ സേവ്യര്‍ വ്യക്തമാക്കുന്നു. അദേഹം ദീര്‍ഘ നേരം ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിച്ചിട്ടുണ്ട്. സഭയോട് ആഴമായ സ്‌നേഹവും ബഹുമാനവും ഉണ്ടായിരുന്നു. അദേഹത്തിന്റെ ആത്മീയ ജീവിതം പ്രാര്‍ത്ഥനയിലും ലാളിത്യത്തിലും വേരൂന്നിയതായിരുന്നുവെന്നും ഫാ. മെട്രോ സേവ്യര്‍ പറയുന്നു.

ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷനായി തങ്ങളില്‍ ഒരാളെ തിരഞ്ഞെടുത്തതില്‍ തങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്. അതിലേറെ പരിശുദ്ധ പിതാവായി ഒരു അഗസ്റ്റീനിയനെ ലഭിക്കുന്നത് തങ്ങള്‍ക്ക് വലിയ അനുഗ്രഹമാണ്. അദേഹത്തിന് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കാനും നമ്മുടെ പ്രാര്‍ത്ഥനകളാലും ത്യാഗങ്ങളാലും അദേഹത്തിന്റെ ദൗത്യത്തെ പിന്തുണയ്ക്കാനുമുള്ള നമ്മുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ഇന്ത്യയിലെ അഗസ്റ്റീനിയന്‍ ഓര്‍ഡറിന്റെ റീജിയണല്‍ ഫാ. വില്‍സണ്‍ ഇഞ്ചെരാപ്പു ഒ.എസ്.എ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.