ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ചതിന് രണ്ട് മണിക്കൂറിനകം പാകിസ്ഥാന്‍ വീണ്ടും പ്രകോപനം ആവര്‍ത്തിച്ച സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വിലയിരുത്തും. ജമ്മു കാശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോണ്‍ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചിരുന്നു.
വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണ് പാകിസ്ഥാന്‍ നടത്തിയതെന്ന് രാത്രി വൈകി വാര്‍ത്താ സമ്മേളനം വിളിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഇത് ഗൗരവമായ സാഹചര്യമാണെന്നും അദേഹം ചൂണ്ടിക്കാട്ടി. പാക് ഡിജിഎംഒയും ഇന്ത്യയുടെ ഡിജിഎംഒയും നടത്തിയ ചര്‍ച്ചയിലാണ് ഇന്നലെ വെടിനിര്‍ത്തല്‍ ധാരണയില്‍ ഇരുരാജ്യങ്ങളും എത്തിയത്. തിങ്കളാഴ്ച ഇതുസംബന്ധിച്ച ചര്‍ച്ചക്കായി ഡിജിഎംഒ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. അതിനിടയിലാണ് പാകിസ്ഥാന്‍ പ്രകോപനം.
സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ഡല്‍ഹിയില്‍ ഉന്നതതല യോഗങ്ങള്‍ നടന്നേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കാണാന്‍ സാധ്യതയുണ്ട്. തല്‍ക്കാലം നിലവില്‍ തുടരുന്ന സംരക്ഷാ ക്രമീകരണങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ല.
വെളളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ഇന്ത്യ പാക് സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള സൈനിക നടപടികള്‍ നിര്‍ത്തിവെച്ചതായി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചിരുന്നു.
അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചെന്ന വിവരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ സ്ഥിരീകരണം വരുന്നതിന് മുന്‍പ് തന്നെ അറിയിച്ചിരുന്നു. പിന്നാലെ വികം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായും പ്രഖ്യാപിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.