ഹൈക്കമാന്‍ഡുമായി ഇന്ന് ചര്‍ച്ച; പുതിയ സംസ്ഥാന നേതൃത്വത്തെ ഡല്‍ഹിക്ക് വിളിപ്പിച്ചു

ഹൈക്കമാന്‍ഡുമായി ഇന്ന് ചര്‍ച്ച; പുതിയ സംസ്ഥാന നേതൃത്വത്തെ ഡല്‍ഹിക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: പുതുതായി നിയമിതരായ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി പുതിയ ടീം ചര്‍ച്ച നടത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എ.പി അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, കേരളത്തില്‍ നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് ക്ഷണം.

വ്യക്തികേന്ദ്രീകൃത നേതൃത്വത്തിനപ്പുറം ഒരു ടീം എന്ന നിലയിലാണ് ഹൈക്കമാന്‍ഡ് പുതിയ നേതൃ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തലങ്ങളിലും മാറ്റം വരാം. മുഴുവന്‍ ഭാരവാഹികളെയും മാറ്റുമോ അതോ കുറച്ച് പേരെ മാത്രം മാറ്റി ഭാഗിക പുനസംഘടനയാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

വര്‍ക്കിങ് പ്രസിഡന്റായി ഒരു വര്‍ഷം തികയും മുന്‍പ് ടി.എന്‍ പ്രതാപനെ മാറ്റിയ സ്ഥിതിക്ക് സമ്പൂര്‍ണ പുനസംഘടനയാകും ഉദ്ദേശിക്കുകയെന്നാണ് വിലയിരുത്തല്‍. നിലവില്‍ 32 ജനറല്‍ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും കെപിസിസിക്കുണ്ട്. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് കൂടുതല്‍ ഭാരവാഹികളെ നിയമിക്കാനും സാധ്യതയുണ്ട്. ട്രഷറര്‍ സ്ഥാനത്തും ഒഴിവുണ്ട്. പുനസംഘടനയ്ക്കുള്ള ഒരു ബ്ലൂ പ്രിന്റ് സംസ്ഥാന നേതൃത്വത്തിന്റെ മനസിലുണ്ട്. അതിന് എഐസിസിയുടെ അംഗീകാരം വാങ്ങി മുന്നോട്ട് നീങ്ങാനാണ് സാധ്യത. ഡിസിസി പ്രസിഡന്റുമാരിലും ഉടനടി മാറ്റത്തിനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.