'പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടണം': ലിയോ പതിനാലാമൻ പാപ്പ

'പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടണം': ലിയോ പതിനാലാമൻ പാപ്പ

വത്തിക്കാൻ സിറ്റി: പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ലിയോ പതിനാലമൻ മാർപാപ്പ. പൗരസ്ത്യ സഭകൾക്കായുള്ള ജൂബിലി വർഷത്തിലെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. മാർപാപ്പയായ ഉടനെ തന്നെ പൗരസ്ത്യസഭാ പ്രതിനിധികൾ‌ക്ക് ഒപ്പം സമയം ചിലവഴിക്കാനായതിന്റെ സന്തോഷവും പാപ്പ പ്രകടിപ്പിച്ചു.


'ദൈവകണ്ണിൽ നിങ്ങൾ അതിമൂല്യവാന്മാരാണ്. വിദേശ രാജ്യങ്ങളിലുള്ള കിഴക്കൻ സഭകളിലെ കത്തോലിക്കരുടെ പൈതൃകം സംരക്ഷിക്കാനുള്ള മാർഗരേഖകളും നിബന്ധനകളും രൂപപ്പെടുത്തണം. അവരുടെ അജപാലന ആവശ്യങ്ങൾ കിഴക്കൻ സഭകളുടെ ആരാധനാക്രമത്തിനും പാരമ്പര്യത്തിനും അനുസരിച്ച് സംരക്ഷിക്കപ്പെടണം. അതിനായി ലത്തീൻ മെത്രാന്മാർക്ക് നിർദേശം നൽകണം'- പൗരസ്ത്യ സഭകളുടെ തിരുസംഘത്തോട് ലിയോ പതിനാലാമൻ പാപ്പ നിർദേശിച്ചു.

'പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങൾ നശിപ്പിക്കപ്പെടാതെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മനുഷ്യന്റെ സഹനങ്ങളുടെ രഹസ്യാത്മകതയും ദൈവത്തിന്റെ കാരുണ്യവും സംയോജിപ്പിക്കുന്ന  പൗരസ്ത്യ സഭകളുടെ ആത്മീയതയ്ക്ക് അത്ഭുതാവഹമായ മൂല്യം ഉണ്ട്'- പാപ്പ വിശദീകരിച്ചു.


'പൗരസ്ത്യ ക്രിസ്ത്യാനികൾക്ക് അവരുടെ നാടുകളിൽ തന്നെ മതിയായ സുരക്ഷയും അവകാശങ്ങളും അനുഭവിച്ച് ജീവിക്കാൻ അവസരം ലഭിക്കേണ്ടതുണ്ട്. മധ്യപൂർവദേശങ്ങളിൽ കിഴക്കൻ സഭകൾ പീഡിപ്പിക്കപ്പെടുന്നു. യുവാക്കൾ കൊല്ലപ്പെടുന്നു. പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുവാൻ മനസും ശരീരവും ആവശ്യപ്പെടുന്നിടത്ത് അവിടങ്ങളിൽ തന്നെ വസിച്ചുകൊണ്ട് സമാധാനം വിതയ്ക്കുന്ന ക്രൈസ്തവരാകണം'- പാപ്പാ പറഞ്ഞു.

'നീതിയുടെ സൂര്യനായ യേശു കിഴക്കിൻ്റെ ഇടത്തിൽ ഉദിച്ചവൻ ആണ്. ലോകത്തിൻറെ പ്രകാശമായ ക്രിസ്തുവിനെ വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും പ്രതിഫലിപ്പിക്കാനും തയ്യാറാകണമെന്നും പാപ്പ ഉദ്ബോദിപ്പിച്ചു.



ഐക്യത്തിന് വിരുദ്ധമായ എല്ലാ പ്രവണതകളിൽ നിന്നും അകന്ന് ഏകാഗ്രതയോടെ സത്യവിശ്വാസത്തിൽ നിലനിൽക്കുവാനും സുവിശേഷ സാക്ഷ്യത്തിൽ നിലകൊള്ളുവാനും സൂചിപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

സിബിസിഐ പ്രസിഡണ്ട് മാർ ആൻഡ്രൂസ് താഴത്ത് പാപ്പയെ പൊന്നാട അണിയിച്ചു. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, സിറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, സിറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ എന്നിവർ ഈ പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.