തിരുവനന്തപുരം: സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് ക്ലാസില്‍ പുസ്തക പഠനം ഉണ്ടാവില്ല. പകരം ലഹരി മുതല്‍ പൊതുമുതല്‍ നശിപ്പിക്കല്‍വരെയുള്ള സാമൂഹിക വിപത്തുകളില്‍ കുട്ടികളെ ജാഗ്രതപ്പെടുത്താനുള്ള ബോധവല്‍കരണം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതിനായി പൊതുമാര്‍ഗരേഖ ഉണ്ടാക്കി അധ്യാപകര്‍ക്ക് രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജൂണ്‍ രണ്ടിന് പതിവുപോലെ പ്രവേശനോത്സവം നടത്തും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
നല്ലനടപ്പിനുള്ള പാഠങ്ങള്‍
* ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസരശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം, പൊതുമുതല്‍ നശിപ്പിക്കല്‍, ആരോഗ്യ പരിപാലനം, നിയമം, മൊബൈലിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം.
ജൂണ്‍ രണ്ട് മുതല്‍ രണ്ടാഴ്ച ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകാര്‍ക്കും ജൂലൈ 18 മുതല്‍ ഒരാഴ്ച ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസ്.
* ശില്പശാലയില്‍ അധ്യാപകരെ പരിശീലിപ്പിക്കാന്‍ പൊലീസും എക്‌സൈസും ബാലാവകാശ കമ്മിഷനും
* കൗമാരക്കാരിലെ ആത്മഹത്യാ പ്രവണത തടയാന്‍ 1680 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ സൗഹൃദ ക്ലബ്ബുകള്‍ ഊര്‍ജിതമാക്കും
* ആത്മഹത്യാ പ്രവണതയ്‌ക്കെതിരേയും പരീക്ഷാപ്പേടിക്കെതിരേയും ബോധവത്കരണം
അതേപോലെ സ്‌കൂള്‍ കുട്ടികളെ കയറ്റാതെ പോവുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഇറങ്ങാനും കയറാനും ആവശ്യമായ സമയം നല്‍കണം. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തിയുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. കുട്ടികളുടെ യാത്രാ സമയങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ നിയന്ത്രിക്കണം.
പാചകത്തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കാനും മന്ത്രി നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.