ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആര്‍ആര്‍ ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. വാക്‌സിന്‍ വിതരണം രണ്ടാംഘട്ടം ആരംഭിച്ചതോടെയാണ് രാഷ്ട്രപതി വാക്‌സിന്‍ സ്വീകരിക്കുന്നത്.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്. മാര്‍ച്ച് ഒന്നിന് രണ്ടാംഘട്ടം ആരംഭിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ തുടങ്ങിയവര്‍ വാക്‌സിന്‍ സ്വീകരിച്ചു.
അതേസമയം കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങള്‍ക്കു വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.
''ദിവസത്തില്‍ ഏതു നേരത്തും സൗകര്യം അനുസരിച്ചു ജനങ്ങള്‍ക്ക് വാക്‌സിനെടുക്കാം.ജനങ്ങളുടെ ആരോഗ്യത്തെയും സമയത്തെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്ല ബോധ്യമുണ്ട്'' - ഹര്‍ഷ വര്‍ധന്‍ ട്വിറ്ററില്‍ കുറിച്ചു.
വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൃത്യമായ സമയ പരിധി പാലിക്കേണ്ടതില്ല. വാക്‌സിനേഷന്‍ സമയം മുന്നോട്ടോ പിന്നോട്ടോ ആക്കാന്‍ സൗകര്യമൊരുക്കണം. വാക്‌സിനേഷന് വേഗം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും ഇതിലൂടെ കഴിയും. ഈ മാസം ഒന്നിനാണ് അറുപത് വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളില്‍ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കുമുള്ള വാക്‌സിനേഷന് രാജ്യത്ത് തുടക്കമായത്. ഇതിനായി ഇതുവരെ കോവിന്‍ പോര്‍ട്ടല്‍ വഴി അന്‍പത് ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അഞ്ച് ലക്ഷം പേര്‍ക്ക് ഇന്നലെ വൈകിട്ട് വരെ വാക്‌സിന്‍ നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.