ആംനസ്റ്റി ഇന്റര്‍നാഷനലിനെ നിരോധിച്ച് റഷ്യ; റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും

ആംനസ്റ്റി ഇന്റര്‍നാഷനലിനെ  നിരോധിച്ച് റഷ്യ; റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും

മോസ്‌കോ: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിനെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് റഷ്യ. ഉക്രെയ്ന്‍ അനുകൂല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും റഷ്യ വിരുദ്ധ വികാരം പ്രചരിപ്പിക്കുന്ന 'റൂസോഫോബിയ' ആരോപിച്ചുമാണ് നിരോധനം.

ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ലണ്ടന്‍ ഓഫിസ് ആഗോള തലത്തില്‍ റൂസോഫോബിക് പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്നും ഉക്രെയ്ന്‍ സര്‍ക്കാറിന്റെ സഹായികള്‍ ഇതിനായി പണം നല്‍കുന്നുവെന്നും റഷ്യന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഓഫിസ് കുറ്റപ്പെടുത്തി.

2022 ല്‍ ഉക്രെയ്‌നുമായുള്ള യുദ്ധം ആരംഭിച്ചത് മുതല്‍ ആംനസ്റ്റി രാജ്യത്തെ രാഷ്ട്രീയമായും സാമ്പത്തികമായും ഒറ്റപ്പെടുത്തുന്നതിനും മേഖലയിലെ സൈനിക ഏറ്റുമുട്ടല്‍ ശക്തമാക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്നുവെന്നും റഷ്യ ആരോപിച്ചു.

വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിനുള്ള ശക്തമായ ശ്രമമാണ് റഷ്യയുടെ നടപടിയെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കല്ലമാര്‍ഡ് പ്രതികരിച്ചു.

ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ രേഖപ്പെടുത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും അന്യായമായി തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുമായി 1961 ല്‍ സ്ഥാപിതമായതാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍.

അതിനിടെ ഉക്രെയ്‌നുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം പരാജയപ്പെട്ടതിന് പിന്നാലെ റഷ്യക്കെതിരെ യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും പുതിയ ഉപരോധം ഏര്‍പ്പെടുത്തി.

എണ്ണ കടത്തുന്ന റഷ്യയടെ 'ഷാഡോ ഫ്‌ളീറ്റിലെ' ഇരുനൂറോളം കപ്പലുകളെ ലക്ഷ്യമിട്ടാണ് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ഉദ്യോഗസ്ഥര്‍ക്കും കമ്പനി ജീവനക്കാര്‍ക്കും യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. റഷ്യന്‍ ആയുധ വിതരണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടന്റെ ഉപരോധം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.