നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഇടഞ്ഞ പി.വി അന്‍വറിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചിരുന്നു. യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്ന കാര്യവും അന്‍വര്‍ തീരുമാനിക്കട്ടെയെന്നും യുഡിഎഫ് നിലപാട് അതിനുശേഷം പറയാമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അന്‍വറിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്.
ആര്യാടന്‍ ഷൗക്കത്താണ് സ്ഥാനാര്‍ഥിയെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്പൂരില്‍ മത്സരിക്കുമെന്നായിരുന്നു അന്‍വറിന്റെ ഭീഷണി. യുഡിഎഫ് പ്രവേശന കാര്യത്തില്‍ രണ്ട് ദിവസം കൂടി കാക്കുമെന്നും ഉണ്ടായില്ലെങ്കില്‍ മത്സരിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇതിന് പിന്നാലെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെക്കണ്ട് അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി പി.വി അബ്ദുള്‍വഹാബിന്റെ വീട്ടില്‍ അന്‍വറിനെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരുന്നു. ചര്‍ച്ചയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തതായാണ് വിവരം.
ലീഗ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങള്‍ക്ക് പിന്നാലെ ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്ന് അന്‍വര്‍ അറിയിച്ചിട്ടുണ്ട്. യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുമോ അതോ മത്സരത്തിനിറങ്ങുമോ എന്ന തന്റെ തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പ്രഖ്യാപിക്കും.
ചൊവ്വാഴ്ച രാവിലെ കാരത്തോട്ടെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തിയാണ് അന്‍വര്‍ 15 മിനിറ്റോളം ചര്‍ച്ച നടത്തിയത്. സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ സലാമും ഉണ്ടായിരുന്നു. നിലവിലെ പ്രശ്‌നങ്ങള്‍ കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞുവെന്നും തുടക്കം മുതലേ തന്റെ രാഷ്ട്രീയ നിലപാടുകളോട് സൗഹൃദ സമീപനം സ്വീകരിച്ചവരാണ് ലീഗും കുഞ്ഞാലിക്കുട്ടിയുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അന്‍വര്‍ പ്രതികരിച്ചു.
എന്നാല്‍ ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കാനോ അന്‍വറിന്റെ കൂടെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വരാനോ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. പിന്നീട് ആര്യാടന്‍ ഷൗക്കത്ത് പാണക്കാട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി അന്‍വര്‍ ചില പ്രശ്‌നങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അത് യുഡിഎഫ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രതികരിച്ചു. അന്‍വര്‍ എല്ലാ ഘടകകക്ഷികളെയും കാണുന്നതിന്റെ ഭാഗമായാണു സന്ദര്‍ശിച്ചത്. ലീഗിന് മധ്യസ്ഥന്റെ റോളില്ല. പ്രശ്‌നങ്ങള്‍ യുഡിഎഫിലെ എല്ലാവരും കൂടി പരിഹരിക്കണം. യുഡിഎഫിന് മികച്ച വിജയം നിലമ്പൂരിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.