ആലപ്പുഴ: സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.
മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ വി. ശിവന്‍കുട്ടി, സജി ചെറിയാന്, പി. പ്രസാദ് എന്നിവരും പങ്കെടുത്തു. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ പ്രവേശനോത്സവത്തിന് ആശങ്കയുണ്ടാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പാഠപുസ്തകങ്ങള്‍ എത്തിയിരിക്കുകയാണ്. എല്ലാവരും പരസ്പരം സ്നേഹവും കരുതലും വളര്‍ത്തിയെടുക്കുക.
വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം അറിവാണ്. അതുനേടി ആത്മ വിശ്വാസത്തോടെ വളരുക. അതിലേക്കാണ് നമ്മുടെ കുരുന്നുകള്‍ ചുവടുവയ്ക്കുന്നത്. സഹജീവി സ്നേഹമാണ് എല്ലാവര്ക്കും ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂല്യാധിഷ്ഠിത പഠനവും ഹൈസ്കൂളില്‍ പുതിയ ക്ലാസ് സമയവുമടക്കം സമഗ്ര മാറ്റത്തോടെയാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയില്‍ ആദ്യമായി പത്താം ക്ലാസില്‍ റോബോട്ടിക്സ് പഠന വിഷയമാകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ഥികളെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് ആഴ്ചകളില്‍ പാഠപുസ്തക പഠനമില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നല്ല പെരുമാറ്റം, എന്നിങ്ങനെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളായിരിക്കും പഠിപ്പിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.