അഹമ്മദാബാദ് വിമാനാപകടം: ഒരാഴ്ചയ്ക്കിടെ റദ്ദാക്കിയത് 66 ബോയിങ് 787 എയര്‍ ഇന്ത്യ സര്‍വീസുകള്‍

അഹമ്മദാബാദ് വിമാനാപകടം: ഒരാഴ്ചയ്ക്കിടെ റദ്ദാക്കിയത് 66 ബോയിങ് 787 എയര്‍ ഇന്ത്യ സര്‍വീസുകള്‍

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാനാപകടത്തിന് ശേഷം എയര്‍ ഇന്ത്യ റദ്ദാക്കിയത് ബോയിങ് 787 വിമാനങ്ങള്‍ ഉപയോഗിച്ചുള്ള 66 സര്‍വീസുകള്‍. ചൊവ്വാഴ്ച മാത്രം ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള എയര്‍ ഇന്ത്യയുടെ ആറ് വിദേശ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ജൂണ്‍ 12 ലെ അപകടത്തിന് ശേഷം ആദ്യമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ എഐ-159 ഉള്‍പ്പെടെയുള്ള വിമാനങ്ങളുടെ സര്‍വീസ് ആണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയത്.

സുരക്ഷാ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കേണ്ടിവന്നതെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നല്‍കുന്ന വിശദീകരണം. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പിഴവുകളെക്കുറിച്ച് ഡിജിസിഎ നേരത്തെ ആശങ്കകള്‍ ഉയര്‍ത്തുകയും നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിന് പിന്നില്‍ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയത് കൊണ്ടല്ലെന്നും ഡിജിസിഎ വിശദീകരിക്കുന്നു. ഇതുവരെ നടത്തിയ വിദഗ്ധ പരിശോധനകളില്‍ ഉള്‍പ്പെടെ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും ഡിജിസിഎ പറയുന്നു.

ഡല്‍ഹി-ദുബായ് (എഐ 915), ഡല്‍ഹി-വിയന്ന (എഐ 153), ഡല്‍ഹി-പാരീസ് (എഐ 143), അഹമ്മദാബാദ്-ലണ്ടന്‍ (എഐ 159), ബംഗളൂരു-ലണ്ടന്‍ (എഐ 133), ലണ്ടന്‍-അമൃത്സര്‍ (എഐ 170) എന്നിവയാണ് റദ്ദാക്കപ്പെട്ട സര്‍വീസുകളില്‍ ചിലത്. ഈ റൂട്ടുകളില്‍ ഭൂരിഭാഗവും ബോയിങ് 787-8 ഡ്രീംലൈനര്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. ബോയിങ് 787-8/9 ഗണത്തില്‍പ്പെടുന്ന 33 വിമാനങ്ങളാണ് എയര്‍ ഇന്ത്യക്കായി സര്‍വീസ് നടത്തുന്നത്.
സാങ്കേതിക തകരാര്‍ കാരണമല്ല മറിച്ച് പ്രത്യേക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയര്‍ സ്പേസിലെ തിരക്കും കാരണമാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.