അബുദാബി: രാജസ്ഥാൻ റോയൽസിനെ 57 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 18.1 ഓവറിൽ 136 റൺസിന് ഓൾഔട്ടായി. സൂര്യകുമാർ യാദവ് ആണ് മാൻ ഓഫ് ദി മാച്ച്.
ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് 4 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കണ്ടെത്തി. 47 പന്തില്‍ 79* റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. ഗംഭീരത്തുടക്കമാണ് രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും മുംബൈക്ക് സമര്‍പ്പിച്ചത്. നാലോവറില്‍ 41 റണ്‍സടിച്ചെടുക്കാന്‍ ഓപ്പണിങ് സഖ്യത്തിന് കഴിഞ്ഞു. അഞ്ചാം ഓവറില്‍ രാജസ്ഥാന് വേണ്ടി പന്തെടുത്ത അണ്ടര്‍ 19 താരം കാര്‍ത്തിക് ത്യാഗിയാണ് രോഹിത് - ഡികോക്ക് കൂട്ടുകെട്ട് പൊളിച്ചത്.
ഓവറിലെ അഞ്ചാം പന്തില്‍ ത്യാഗിയുടെ വേഗമേറിയ ബൗണ്‍സര്‍ ഡികോക്കിന് മടക്കടിക്കറ്റ് നല്‍കി. 3 ബൗണ്ടറിയും 1 സിക്‌സും ഉള്‍പ്പെടെ 15 പന്തില്‍ 23 റണ്‍സുമായാണ് ഡികോക്ക് മടങ്ങിയത്. സൂര്യകുമാര്‍ യാദവിനൊപ്പം ചേര്‍ന്ന് ആക്രമിച്ചു കളിക്കാന്‍ രോഹിത് ശര്‍മ ശ്രമിക്കവയൊണ് ശ്രേയസ് ഗോപാല്‍ മുംബൈക്ക് ഇരട്ടപ്രഹരമേകിയത്. 10 ആം ഓവറിലെ ആദ്യപന്തില്‍ ശ്രേയസിന്റെ ഗൂഗ്ലി പഠിച്ചെടുക്കാന്‍ രോഹിത്തിന് കഴിഞ്ഞില്ല. ലോങ് ഓണില്‍ കാത്ത തെവാട്ടിയയുടെ കൈകളില്‍ അനായാസമായി രോഹിത് ഒതുങ്ങുകയായിരുന്നു. 2 ബൗണ്ടറിയും 3 സിക്‌സും അടക്കം 23 പന്തില്‍ 35 റണ്‍സെടുത്താണ് രോഹിത് തിരിച്ചുകയറിയത്.
തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇഷന്‍ കിഷന്‍ ക്ഷമയൊട്ടും കാണിച്ചില്ല. ശ്രേയസ് ഗോപാലിനെ കവറിന് മുകളിലൂടെ പറത്താമെന്ന അമിതവിശ്വാസം താരത്തിന് വിനയായി. സഞ്ജു സാംസണിന്റെ മികവുറ്റ ക്യാച്ചില്‍ ഇഷന്‍ കിഷന് (0) മടങ്ങേണ്ടി വന്നു. 14 ആം ഓവറിലാണ് അടുത്ത വിക്കറ്റുവീഴ്ച്ച. ജോഫ്ര ആര്‍ച്ചറുടെ വേഗം കുറഞ്ഞ പന്തില്‍ ക്രുണാല്‍ പാണ്ഡ്യ തിരിച്ചുകയറി. മിഡ് വിക്കറ്റില്‍ ശ്രേയസ് ഗോപാലിന് എളുപ്പമേറിയ ക്യാച്ച് നല്‍കിയാണ് ക്രുണാല്‍ (17) കൂടാരമണഞ്ഞത്.
ടോം കറന്റെ 16 ആം ഓവറില്‍ സൂര്യകുമാര്‍ യാദവ് സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി തികച്ചു. അവസാന ഓവറുകളില്‍ യാദവും പാണ്ഡ്യയും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മുംബൈ സ്‌കോര്‍ 193 റണ്‍സില്‍ കൊണ്ടുവന്നത്. ഹാര്‍ദിക് പാണ്ഡ്യ 19 പന്തില്‍ 30 റണ്‍സെടുത്തു. രാജസ്ഥാന്‍ നിരയില്‍ ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍ക്കും അരങ്ങേറ്റക്കാരന്‍ കാര്‍ത്തിക്ക് ത്യാഗിക്കും ഓരോ വിക്കറ്റുവീതമുണ്ട്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് തകർച്ചയോടെ ഉള്ള തുടക്കമാണ് കിട്ടിയത്. നേരിട്ട രണ്ടാം പന്തില്‍ ജയ്‌സ്വാള്‍ മടങ്ങി. ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കുകയായിരുന്നു ജയ്‌സ്വാള്‍. തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ സ്മിത്തും മടങ്ങി. ഒരു ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും ബൂമ്രയുടെ പന്തില്‍ ഡി കോക്ക് അതിമനോഹരമായി പിടിച്ചെടുത്തു. സഞ്ജുവാകട്ടെ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. പിടിച്ചനില്‍ക്കേണ്ടതിന് പകരം ബോള്‍ട്ടിന്റെ പന്തിന്‍ പുള്‍ ഷോട്ടിന് മുതിര്‍ന്നപ്പോള്‍ പുറത്താവുകയായിരുന്നു. മിഡ് ഓഫില്‍ രോഹിത് ശര്‍മയ്ക്കായിരുന്നു ക്യാച്ച്.
44 പന്തിൽ നിന്ന് അഞ്ചു സിക്സും നാലു ഫോറുമടക്കം 70 റൺസെടുത്ത ജോസ് ബട്ട്ലർ മാത്രമാണ് രാജസ്ഥാൻ നിരയിൽ പൊരുതി നോക്കിയത്. ബൗണ്ടറി ലൈനിൽ കിറോൺ പൊള്ളാർഡിന്റെ തകർപ്പൻ ക്യാച്ചിലാണ് ബട്ട്ലർ പുറത്തായത്.
വൈകാതെ 13 പന്തിൽ നിന്ന് 11 റൺസുമായി മഹിപാൽ ലോംറോറും മടങ്ങി. തുടർന്ന് അഞ്ചാം വിക്കറ്റിൽ ടോം കറനെ കൂട്ടുപിടിച്ച് ബട്ട്ലർ 56 റൺസ് രാജസ്ഥാൻ സ്കോറിലേക്ക് ചേർത്തു. 16 പന്തുകൾ നേരിട്ട കറൻ 15 റൺസുമായി മടങ്ങുകയായിരുന്നു. 11 പന്തിൽ 24 റൺസുമായി ആർച്ചെർ അവസാന നിമിഷം കത്തിക്കയറാൻ ശ്രമിച്ചെങ്കിലും പിന്തുണക്കാൻ ആരുമുണ്ടായില്ല.
മികച്ച ബൗളിങ് പ്രകടനത്തിലൂടെ മുംബൈ വിജയം പിടിച്ചെടുക്കുകയായിരുന്നു. നാല് ഓവറിൽ വെറും 20 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മുംബൈ നിരയിൽ തിളങ്ങിയത്. ബുമ്രയുടെ ഐ പി എല്ലിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. ട്രെന്റ് ബോൾട്ടും പാറ്റിൻസണും രണ്ടു വിക്കറ്റ് വീഴ്ത്തി. രാഹുൽ ചാഹർ, പൊള്ളാർഡ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.