ഉക്രെയ്‌നെ കൈവിട്ട് അമേരിക്ക; റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ മിസൈലുകള്‍ നല്‍കില്ല

ഉക്രെയ്‌നെ കൈവിട്ട് അമേരിക്ക; റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ മിസൈലുകള്‍ നല്‍കില്ല

വാഷിങ്ടണ്‍: റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടെ ഉക്രെയ്‌ന് നല്‍കി വന്നിരുന്ന ആയുധ സഹായം ഭാഗികമായി മരവിപ്പിച്ച് അമേരിക്ക. വിദേശ രാജ്യങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ആയുധ സഹായം പുനപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി അറിയിച്ചു.

വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകളുടെ വിതരണം ഉള്‍പ്പെടെയാണ് മരവിപ്പിച്ചത്. അമേരിക്കന്‍ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം.

എന്നാല്‍ ഉക്രെയ്‌നില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കിയതോടെ പ്രതിരോധത്തിനായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച നൂറുകണക്കിന് ഡ്രോണുകളും അറുപതിലധികം മിസൈലുകളുമാണ് റഷ്യ ഉക്രെയ്‌ന് നേരെ പ്രയോഗിച്ചത്. ആക്രമണത്തില്‍ ഒരു എഫ് 16 വിമാനം തകരുകയും പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു.

രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ ഏറ്റവും വലിയ ആക്രമണമാണ് ഞായറാഴ്ചയുണ്ടായത്. ഇതിന് പിന്നാലെ യു.എസിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ സന്നദ്ധമാണെന്ന് സെലെന്‍സ്‌കി പറഞ്ഞിരുന്നു.  ട്രംപ് അധികാരത്തില്‍ വന്നതു മുതല്‍ ഉക്രെയ്‌ന് നല്‍കി വരുന്ന ആയുധ സഹായത്തില്‍ കുറവ് വരുത്തിയിരുന്നു.

ഉക്രെയ്ന്‍ ഉപയോഗിച്ചിരുന്ന വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഡ്രോണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍ക്കെതിരേ ഉപയോഗിക്കുന്ന ആയുധങ്ങള്‍, യുദ്ധ ടാങ്കുകള്‍ എന്നിവയില്‍ അധികവും അമേരിക്കയില്‍ നിന്നുള്ള ആയുധങ്ങളായിരുന്നു.

നിലവില്‍ അമേരിക്കയുടെ പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനമാണ് ഉക്രെയ്ന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതില്‍ ഉപയോഗിക്കുന്ന മിസൈലുകളുടെ ദൗര്‍ലഭ്യം അവരുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നുണ്ട്. ഇതിനിടെയാണ് അമേരിക്ക ആയുധ സഹായം മരവിപ്പിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.