ഈ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നത് പലര്‍ക്കും ഏറെ പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍

ഈ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നത് പലര്‍ക്കും ഏറെ പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍

സെമിത്തേരി എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ മരണം കവര്‍ന്നെടുത്ത പ്രിയപ്പെട്ടവരുടെ മുഖങ്ങളായിരിക്കും പലര്‍ക്കും ഓര്‍മ്മ വരിക. അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനും അവരുടെ ഓര്‍മ്മകള്‍ പുതുക്കാനുമെല്ലാം നാം പലപ്പോഴും സെമിത്തേരികളില്‍ സന്ദര്‍ശനം നടത്താറുണ്ട്. ഉറ്റവരെ പോലെ പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ മരണപ്പെട്ടാലോ....

വളര്‍ത്തു മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തിന്റെ അതിശയിപ്പിക്കുന്ന പല നേര്‍സാക്ഷ്യങ്ങളും ചിലര്‍ക്കെങ്കിലും പരിചിതമാണ്. അതുകൊണ്ടുതന്നെ ഏറെ പ്രിയപ്പെട്ട വളര്‍ത്തു മൃഗം പെട്ടെന്ന് മരണപ്പെട്ടാല്‍ ഉടമകളും ദുഃഖിക്കും. ചിലര്‍ക്ക് അസഹനീയമാണ് വളര്‍ത്തു മൃഗങ്ങളുടെ വേര്‍പാട്.

ഒരുപാട് ഇഷ്ടത്തോടെ ലാളിച്ചും ഓമനിച്ചും കൂടെക്കൂട്ടിയ വളര്‍ത്തു മൃഗത്തിന്റെ ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കാനും ഒരു പ്രത്യേക ഇടമുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ക്കു വേണ്ടിയുള്ള സെമിത്തേരി. ബംഗളൂരു നഗരത്തിലെ കെങ്കേരിയിലാണ് ഇത്തരത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കായുള്ള പ്രത്യേക സെമിത്തേരി സ്ഥിതി ചെയ്യുന്നത്.


പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സെമിത്തേരിയുടെ പ്രവര്‍ത്തനങ്ങള്‍. ഈ സെമിത്തേരിയുടെ പ്രധാന പ്രത്യേകത ഏതു മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളെ ഇവിടെ അടക്കം ചെയ്യാം. അതുകൊണ്ടു തന്നെ പലര്‍ക്കും പ്രിയപ്പെട്ട പക്ഷികളും നായകളും പൂച്ചകളും ഒക്കെ ഈ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

ചില കല്ലറകളില്‍ വളര്‍ത്തു മൃഗത്തെക്കുറിച്ച് ഹൃദയ ഭേദകമായ വാക്കുകള്‍ കുറിച്ചിടാറുണ്ട് ചില ഉടമകള്‍. മറ്റു ചിലരാകട്ടെ മെഴുകിതിരികളും ചന്ദന തിരികളും പൂക്കളുമൊക്കെ വെച്ച് അലങ്കരിക്കുന്നു ചില കല്ലറകള്‍. വളര്‍ത്തു മൃഗത്തോട് ഒരു ഉടമയ്ക്കുള്ള സ്‌നേഹത്തിന്റെ ആഴം പ്രതിഫലിക്കുന്നു ഓരോ കല്ലറകളിലും.

ബംഗളൂരു സ്വദേശികള്‍ മാത്രമല്ല, അവിടെ താല്‍കാലികമായി താമസിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഈ സെമിത്തേരിയില്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളെ അടക്കം ചെയ്തിരിക്കുന്നു. ആയിരത്തിലേറെ പക്ഷികളും വളര്‍ത്തുമൃഗങ്ങളുമൊക്കെ അന്ത്യ വിശ്രമം കൊള്ളുന്നുണ്ട് ഈ സെമിത്തേരിയില്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.