കാർലോ അക്യൂട്ടീസ് : വിശുദ്ധ പദവിയിലേക്കുള്ള വഴിത്താരയിലെ ന്യൂ ജെൻ

കാർലോ അക്യൂട്ടീസ് : വിശുദ്ധ പദവിയിലേക്കുള്ള വഴിത്താരയിലെ ന്യൂ ജെൻ

റോം :കൗമാരക്കാരനും കംപ്യൂട്ടർ പ്രോഗ്രാമറുമായ കാർലോസ് അക്യൂട്ടീസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനനുബന്ധിച്ചുള്ള ചടങ്ങുകൾ ഒക്ടോബറിൽ അസ്സീസിയിൽ നടക്കും . രണ്ടാഴ്ച നീളുന്ന വിപുലമായ ആഘോഷങ്ങൾ യുവജനങ്ങളുടെ ഇടയിൽ ‌ കൂടുതൽ സുവിശേഷവത്ക്കരണത്തിനു കാരണമാകും എന്ന് പ്രതീക്ഷിക്കുന്നതായി അസ്സീസിയിലെ ബിഷപ്പ് ഡൊമെനിക്കോ സൊറന്റീനോ പറഞ്ഞു. ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ അതിവിദഗ്ധനായ കാർലോയുടെ പാവങ്ങളോടുള്ള സ്നേഹവും അവരോടുള്ള ഉദാരമനസ്കതയും ഒരു പുതിയ സുവിശേഷവത്കരണത്തിനുള്ള പ്രേരണശക്തി ആകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ചടങ്ങുകളുടെ ഷെഡ്യൂൾ പ്രഖ്യാപിക്കുകയായിരുന്നു ബിഷപ്പ്.

ഒക്ടോബർ 1 മുതൽ 17 ദിവസത്തേക്ക് ,കാർലോ അക്യുട്ടിസിന്റെ ശവകുടീരം രാവിലെ 8 മുതൽ രാത്രി 10 വരെ വിശ്വാസികള്‍ക്കായി തുറന്നിരിക്കും. പ്രാർത്ഥനാപരമായി സന്ദർശനം നടത്താൻ കഴിയുന്നത്ര ആളുകളെ അനുവദിക്കും. അക്യൂട്ടീസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് അസ്സീസിയിലെ സാങ്ച്വറി ഓഫ് സ്‌പോളിയേഷനിൽ ആണ്. അവിടെ വച്ചാണ് അസ്സീസിയിലെ വി ഫ്രാൻസിസ് സമ്പന്നതയുടെ ഭാഗമായ തൻറെ വസ്ത്രങ്ങൾ ദാരിദ്ര്യത്തോടു അനുരൂപപ്പെട്ട് ഉപേക്ഷിച്ചത്. ഒക്ടോബർ 11 മുതൽ 17 വരെ ഉള്ള ദിവസങ്ങൾ വി കുര്ബാനകളാൽ നിറഞ്ഞതായിരിക്കും. ദിവ്യകാരുണ്യത്തെ ഇത്ര അധികം സ്നേഹിച്ച അക്യൂട്ടീസിനെ ആദരിക്കാൻ ഇതിലും നല്ല മറ്റൊരു മാർഗം ഇല്ല. ഒരുദിവസം പോലും വി കുർബാന മുടക്കിയിരുന്നില്ല അക്യൂട്ടീസ് . അസീസിയിലെ മറ്റ് രണ്ട് പള്ളികളിൽ ദിവ്യ കാരുണ്യ അത്ഭുതങ്ങളെക്കുറിച്ചും മരിയൻ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചും ഉള്ള എക്സിബിഷനുകൾ നടത്തപ്പെടും. ഈ രണ്ടു വിഷയങ്ങളെക്കുറിച്ചും വെബ്സൈറ്റുകൾ രൂപപ്പെടുത്തിക്കൊണ്ടു, എല്ലാവരിലും മരിയ ഭക്തിയും ദിവ്യ കാരുണ്യ ഭക്തിയും വളർത്താൻ അക്യൂട്ടീസ് ശ്രദ്ധിച്ചിരുന്നു.

2006ൽ ലുക്കിമിയ ബാധിച്ചു മരിച്ചപ്പോൾ 15 വയസായിരുന്നു അക്യൂട്ടീസിനു. തന്റെ സഹനങ്ങളെല്ലാം സഭക്കും മാര്പാപ്പക്കും വേണ്ടി ആ കൗമാരക്കാരൻ സമര്‍പ്പിച്ചിരുന്നത്.

ഒക്‌ടോബർ 2-ന് ഇറ്റാലിയൻ ചെറുപ്പക്കാരുടെ ഒരു വർച്വൽ ഒത്തുചേരൽ ഉൾപ്പെടെ നിരവധി യുവജന പരിപാടികൾ ആഘോഷത്തിൽ ഉൾപ്പെടും. ചടങ്ങിന് മുമ്പുള്ള രാത്രിയിൽ ഒരു യുവജന പ്രാർത്ഥന യജ്ഞവും ആസൂത്രണം ചെയ്തിട്ടുണ്ട്. “സ്വർഗ്ഗത്തിലേക്കുള്ള എന്റെ ഹൈവേ” എന്ന് വിളിക്കപ്പെടുന്ന ജാഗ്രത പ്രാർത്ഥനക്കു നേതൃത്വം നൽകുന്നത് സ്‌പോലെറ്റോ-നോർസിയയിലെ ആർച്ച് ബിഷപ്പ് റെനാറ്റോ ബൊകാർഡോയും മിലാനിലെ സഹായമെത്രാന്‍ പാളോ മാർട്ടിനെല്ലിയും ആണ്. “ഫ്രാൻസിസ്, പോയി എന്റെ സഭയെ പുനർനിർമിക്കുക” എന്ന ശബ്ദം വി ഫ്രാൻസിസ്, കേട്ട 'സെന്റ് മേരീ ഓഫ് ദി ഏഞ്ചൽസ്' ബസിലിക്കയിലെ ചെറിയ പള്ളിയിലാണ് ഇത് നടത്തപ്പെടുക.

ഒക്ടോബര് 10നു ഉച്ചകഴിഞ്ഞു 4 .30നു, ബസിലിക്ക ഓഫ് സെൻറ് ഫ്രാൻസിസിൽ വച്ചായിരിക്കും നാമകരണ ചടങ്ങു നടക്കുക. കർദിനാൾ അന്ജലോ ബാസിയു ദിവ്യബലി അർപ്പിക്കും. കോവിഡ് 19 നുമായി ബന്ധപ്പെട്ടു പങ്കെടുക്കാവുന്ന ആൾക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ചടങ്ങുകൾ പൊതുജനങ്ങൾക്ക് ദൃശ്യമാവാൻ തക്കവിധം വലിയ സ്ക്രീനുകൾ സിറ്റി ഓഫ് അസ്സീസ്സിയിൽ ഉയർത്തുന്നതായിരിക്കും.

'മിലാനിൽ നിന്നുള്ള ഈ കുട്ടി, അസീസിയെ തന്റെ പ്രിയപ്പെട്ട സ്ഥലമായി തിരഞ്ഞെടുത്തു. സെന്റ് ഫ്രാൻസിസിന്റെ പാത പിന്തുടർന്നു ഒപ്പം എല്ലാറ്റിന്റെയും കേന്ദ്രം ദൈവം ആയിരിക്കണമെന്നും മനസ്സിലാക്കി,” സോറെന്റിനൊ പറഞ്ഞു . 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.