ന്യൂഡല്‍ഹി: കീം പ്രവേശന പരീക്ഷയിലെ മാര്‍ക്ക് സമീകരണം സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
ഇത് കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ നാലാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
സി.ബി.എസ്.ഇ സ്‌കീമിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ആദ്യ റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരേ അപ്പീല്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഓഗസ്റ്റ് 14 നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ അപ്പീല്‍ നല്‍കിയാല്‍ പ്രവേശന നടപടികള്‍ വൈകാനിടയുണ്ടെന്നും അതുകൊണ്ടാണ് അപ്പീലിന് പോകാത്തതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.
എന്നാല്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് തങ്ങള്‍ പൂര്‍ണമായും യോജിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കല്‍ അത്യാവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് കേരള സിലബസിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ കേരളത്തിന് നോട്ടീസ് അയച്ച സുപ്രീം കോടതി നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ ഹര്‍ജി മാറ്റി. ഇതോടെ ഇക്കൊല്ലത്തെ എന്‍ജിനീയറിങ് പ്രവേശന നടപടികള്‍ പുതുക്കിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും എന്നുറപ്പായി.
അതിനിടെ കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാനുള്ള അവസാന തിയതി ഓഗസ്റ്റ് രണ്ട് വരെ നീട്ടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഇന്ന് തീരേണ്ടിയിരുന്ന ഓപ്ഷന്‍ സമയ പരിധി 18 ന് വൈകുന്നേരം നാല് വരെ നീട്ടി പ്രവേശന പരീക്ഷാ കമ്മിഷണര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ പുതിയ നിര്‍ദേശം.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.