ഗാസയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേല്‍ ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു; പുരോഹിതന് ഗുരുതര പരിക്ക്

ഗാസയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേല്‍ ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു; പുരോഹിതന് ഗുരുതര പരിക്ക്

ഗാസ സിറ്റി: ഗാസയിലെ ഏക കത്തോലിക്ക പള്ളി ആയ ഹോളി ഫാമിലി ചര്‍ച്ചിന് നേരെ ഇസ്രയേല്‍ ആക്രമണം. രണ്ട് പേര്‍ കൊല്ലപ്പെട്ടു. പള്ളിയിലെ പുരോഹിതനായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലിക്ക് ഗുരുതരമായി പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെ ഹോളി ഫാമിലി കോമ്പൗണ്ടില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് സ്ഥിരീകരിച്ചു. അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നു. ഈ ക്രൂരമായ യുദ്ധം അവസാനിക്കാനായി പ്രാര്‍ത്ഥിക്കുന്നു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും ഹോളി ഫാമിലി പള്ളിയുടെ ഭരണച്ചുമതലയുള്ള ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്ക് എഎഫ്പിക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഗാസയിലെ ഹോളി ഫാമിലി പള്ളിക്ക് നേരെയുണ്ടായ സൈനിക ആക്രമണത്തില്‍ മാര്‍പാപ്പ അതീവ ദുഖിതനാണെന്നും വെടിനിര്‍ത്തലിനുള്ള തന്റെ ആഹ്വാനം അദേഹം ആവര്‍ത്തിക്കുന്നുവെന്നും വത്തിക്കാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ഇസ്രയേല്‍ ആക്രമണത്തില്‍ ഹോളി ഫാമിലി പള്ളി സമുച്ചയത്തിന്റെ വലിയൊരു ഭാഗം നശിച്ചെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളും 54 ഭിന്നശേഷിക്കാരും ഉള്‍പ്പെടെ 600 കുടിയിറക്കപ്പെട്ടവരുടെ അഭയ കേന്ദ്രമായിരുന്നു പള്ളിയെന്ന് അധികൃതര്‍ പറഞ്ഞു.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയും ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പടുത്തി. സാധാരണക്കാര്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.