ബ്രഹ്‌മപുത്രയില്‍ ലോകത്തിലെ ഏറ്റവും വലിയ ഡാം നിര്‍മാണവുമായി ചൈന; ആശങ്കയില്‍ ഇന്ത്യ

ബ്രഹ്‌മപുത്രയില്‍ ലോകത്തിലെ ഏറ്റവും വലിയ ഡാം നിര്‍മാണവുമായി ചൈന; ആശങ്കയില്‍ ഇന്ത്യ

ബീജിങ് : ടിബറ്റില്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ബ്രഹ്‌മപുത്ര നദിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഡാമിന്റെ നിര്‍മാണം ആരംഭിച്ച് ചൈന. ഏകദേശം 167.1 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് അണക്കെട്ട് നിര്‍മാണം. കഴിഞ്ഞ ഡിസംബറിലാണ് ചൈനീസ് സര്‍ക്കാര്‍ അണക്കെട്ട് പദ്ധതി പ്രഖ്യാപിച്ചത്.

ചൈനയുടെ കാര്‍ബണ്‍ ന്യൂട്രാലിറ്റിയും പ്രാദേശിക വികസനവുമാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലെ ബ്രഹ്‌മപുത്ര നദി ടിബറ്റില്‍ യാര്‍ലുങ് സാങ്പോ എന്നാണ് അറിയപ്പെടുന്നത്. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അണക്കെട്ടില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ടിബറ്റിലും ചൈനയിലെ മറ്റ് സ്ഥലങ്ങളിലുമായി ഉപയോഗിക്കുമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് ജല വൈദ്യുത നിലയങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയും ബംഗ്ലാദേശുമാണ് ഏറ്റവും ആശങ്കയുണ്ടാകുക. ജലത്തിന്റെ ഒഴുക്ക്, പാരിസ്ഥിതിക സന്തുലിതാവസ്ഥ, ഭൗമരാഷ്ട്രീയപരമായ പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്ത്യയും ബംഗ്ലാദേശും ഇതിനകം ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു.

ബ്രഹ്‌മപുത്ര നദിക്ക് കുറുകെ നിര്‍മിക്കുന്ന അണക്കെട്ടിനെ 'വാട്ടര്‍ ബോംബ്' എന്നാണ് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പ്രതികരിച്ചത്. കൂടാതെ ഈ പ്രദേശം ഭൂകമ്പ സാധ്യതയുള്ളതാണെന്നും പാരിസ്ഥിതിക നാശ നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തിയിലുള്ള രാജ്യങ്ങളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും ഡാം ഇന്ത്യക്കും ബംഗ്ലാദേശിനും വെല്ലുവിളി ആകില്ലെന്നുമാണ് ചൈനയുടെ വാദം.

അണക്കെട്ട് പൂര്‍ത്തിയാകുമ്പോള്‍ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയമായ ചൈനയിലെ ത്രീ ഗോര്‍ജസ് ഡാമിനെക്കാള്‍ മൂന്നിരട്ടി വൈദ്യുതി ഉത്പാദനമാകും നടക്കുക.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.