പണവും സ്വർണവും കസ്റ്റംസിനോട് വെളിപ്പെടുത്തിയില്ലെങ്കിൽ യാത്രാ തടസം നേരിടും; വിമാന യാത്രക്കാർ‌ക്ക് കുവൈറ്റിന്റെ മുന്നറിയിപ്പ്

പണവും സ്വർണവും കസ്റ്റംസിനോട് വെളിപ്പെടുത്തിയില്ലെങ്കിൽ യാത്രാ തടസം നേരിടും; വിമാന യാത്രക്കാർ‌ക്ക് കുവൈറ്റിന്റെ മുന്നറിയിപ്പ്

കുവൈറ്റ് : യാത്ര ചെയ്യുമ്പോൾ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോകുന്നതിന് യാത്രക്കാർ പാലിക്കേണ്ട നിയന്ത്രണങ്ങൾ പ്രസിദ്ധീകരിച്ച് കുവൈറ്റിലെ സെന്‍റര്‍ ഫോർ ഗവൺമെന്‍റ് കമ്മ്യൂണിക്കേഷൻ (സിജിസി). യാത്രക്കാർ പുറപ്പെടുമ്പോഴോ എത്തിച്ചേരുമ്പോഴോ വിദേശ കറൻസിയിലോ പ്രാദേശിക കറൻസിയിലോ 3,000 ദിനാറിന്‌ തുല്യമായ തുക ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് സെന്‍റര്‍ വിശദീകരിച്ചു.

വാച്ചുകൾ, ആഭരണങ്ങൾ, ഉയർന്ന മൂല്യമുള്ള ഉപകരണങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ അവയുടെ വാങ്ങൽ രസീതുകൾക്കൊപ്പം ഹാൻഡ് ലഗേജിൽ കൊണ്ടുപോകണം. എല്ലാ രൂപത്തിലുമുള്ള സ്വർണവും (ആഭരണങ്ങൾ, സ്വ‍ർണക്കട്ടി, സ്വർണ നാണയം) കസ്റ്റംസിൽ വെളിപ്പെടുത്തണം. യാത്രക്കാർ പുറപ്പെടുമ്പോൾ ഒരു ഔട്ട്‌ഗോയിംഗ് കസ്റ്റംസ് ഡിക്ലറേഷൻ തയ്യാറാക്കണം.

കുവൈറ്റിലേക്ക് വരുന്നവർ സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളുടെയും വാങ്ങൽ രസീതുകൾ ഹാജരാക്കുകയും വേണം. സ്വർണമോ വിലപിടിപ്പുള്ള വസ്തുക്കളോ കസ്റ്റംസിൽ ഡിക്ലയർ ചെയ്യാതിരിക്കുന്നത് പണമോ സ്വർണമോ കണ്ടുകെട്ടാനോ അറസ്റ്റ് ചെയ്യാനോ ഇടയാക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുമ്പോൾ കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണമെന്നും യാത്രക്കാരോട് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ (ജിഎസി) ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണെന്നും കേന്ദ്രം അറിയിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.