പരിധിവിട്ടെന്ന് നേതൃത്വത്തിന്റെ വിമര്‍ശനം; ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ അവിശ്വാസപ്രമേയ ഭീഷണിയെന്ന് സൂചന

പരിധിവിട്ടെന്ന് നേതൃത്വത്തിന്റെ വിമര്‍ശനം; ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ അവിശ്വാസപ്രമേയ ഭീഷണിയെന്ന് സൂചന

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗ്ദീപ് ധന്‍കറുടെ രാജിക്ക് പിന്നില്‍ ബിജെപി നേതൃത്വത്തിന്റെ അവിശ്വാസപ്രമേയ ഭീഷണിയെന്ന് സൂചന. ജഗദീപ് ധന്‍കര്‍ പരിധി ലംഘിച്ചെന്നും അവിശ്വാസപ്രമേയം ഉടന്‍ വേണമെന്ന് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ തീരുമാനമായെന്നും ഇതോടെയാണ് ധന്‍കര്‍ രാത്രി തന്നെ രാജിവച്ചതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച രാത്രിയോടെ ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചത്. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണക്കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധന്‍കറിന്റെ ആഹ്വാനം കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നും ഇതോടെയാണ് ധന്‍കര്‍ പരിധിവിട്ടതെന്ന അഭിപ്രായം നേതൃത്വത്തിന് ഉണ്ടായതെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്.

ആറ് മാസം മുന്‍പ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം തന്നെ അദേഹത്തിന് പിന്തുണയുമായി വന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് ധന്‍കര്‍ പരിധി ലംഘിച്ചു എന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ പ്രമേയം ധന്‍കര്‍ അംഗീകരിച്ചതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ ഒരു യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ ഓഫിസില്‍ മന്ത്രിമാര്‍ മറ്റൊരു യോഗം കൂടി. ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും അവിടെ വിളിച്ചു വരുത്താന്‍ ബിജെപിയുടെ ചീഫ് വിപ്പിനോട് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.

പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ബിജെപി എംപിമാരെ രാജ്‌നാഥ് സിങിന്റെ ഓഫിസിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് ഒരു പ്രധാന പ്രമേയത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ബിജെപി എംപിമാര്‍ക്ക് പിന്നാലെ എന്‍ഡിഎ ഘടകക്ഷിയില്‍പ്പെട്ട രാജ്യസഭാ എംപിമാരെയും വിളിപ്പിച്ചു. എല്ലാവരോടും പ്രമേയത്തെക്കുറിച്ച് പുറത്തുപറയാന്‍ പാടില്ലെന്നും അടുത്ത നാല് ദിവസം ഡല്‍ഹിയില്‍ തന്നെ തുടരാനും നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ പ്രമേയത്തെക്കുറിച്ചും എംപിമാര്‍ അതില്‍ ഒപ്പുവച്ചുവെന്നുമുള്ള വിവരം ധന്‍കറിനെ നേതൃത്വം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രാത്രിക്ക് രാത്രി ധന്‍കര്‍ എക്‌സ് പേജിലൂടെ തന്റെ രാജിക്കത്ത് പുറത്ത് വിട്ടതെന്നാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.