ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി; കൂടുതല്‍ നേട്ടം കാര്‍ഷിക മേഖലയ്ക്ക്: ചരിത്ര ദിനമെന്ന് മോഡി

ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി; കൂടുതല്‍ നേട്ടം കാര്‍ഷിക മേഖലയ്ക്ക്:  ചരിത്ര ദിനമെന്ന് മോഡി

ന്യൂഡല്‍ഹി: ഇന്ത്യയും യു.കെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറിന്റെയും സാന്നിധ്യത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ബ്രിട്ടിഷ് വാണിജ്യ മന്ത്രി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സ് എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്.

ചരിത്രപരമായ ദിവസമെന്നും ഏറെ നാളത്തെ പ്രയത്‌നത്തിന്റെ ഫലമാണിതെന്നും മോഡി പതികരിച്ചു. ഇരു രാജ്യങ്ങള്‍ക്കും ഗുണംചെയ്യുന്ന കരാറാണ് ഇതെന്ന് ബ്രിട്ടണ്‍ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യന്‍ കയറ്റുമതി ഉല്‍പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ബ്രിട്ടന്റെ 90 ശതമാനം ഉല്‍പന്നങ്ങള്‍ക്കും തീരുവ കുറയും.

ഇന്ത്യയിലെ കര്‍ഷകരാണ് കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. കരാര്‍ യാഥാര്‍ത്ഥ്യമായതോടെ ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ക്കും സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കള്‍ക്കും തീരുവയില്ലാതെ ബ്രിട്ടിഷ് മാര്‍ക്കറ്റുകളില്‍ വിപണനം നടത്താം.

കുരുമുളക്, ഏലക്ക, മഞ്ഞള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളായ മാങ്ങ പള്‍പ്പ്, അച്ചാര്‍, ധാന്യങ്ങള്‍ എന്നിവയ്ക്കാണ് പുതിയ കരാറിനു കീഴില്‍ തീരുവ ഒഴിവാക്കിയിട്ടുള്ളത്. ഇത് കേരളം അടക്കമുള്ള ഇന്ത്യന്‍ കര്‍ഷകരുടെ വിപണി സാധ്യതയും ലാഭവും വര്‍ധിപ്പിക്കും.

കൂടാതെ ഇന്ത്യയില്‍ നിന്ന് തുണിത്തരങ്ങള്‍, പാദ രക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ നിലവിലെ നാല് മുതല്‍ 16 ശതമാനം വരെയുള്ള തീരുവ പൂര്‍ണമായും ഒഴിവാകും.

ഇന്ത്യന്‍ കര്‍ഷകരെ ബാധിക്കാത്ത തരത്തിലാകും യു.കെയില്‍ നിന്നുള്ള ഇറക്കുമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പാലുല്‍പന്നങ്ങള്‍, ആപ്പിള്‍, ഓട്‌സ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഇളവ് നല്‍കാത്തതിനാല്‍ ആഭ്യന്തര കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

തീരദേശ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, ഒഡീഷ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ മത്സ്യമേഖലയ്ക്കും ഗുണപ്രദമാണ് കരാര്‍. നേരത്തെ കൊഞ്ച്, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ക്കും മത്സ്യ ഉല്‍പന്നങ്ങള്‍ക്കും ബ്രിട്ടിഷ് മാര്‍ക്കറ്റില്‍ 4.2 മുതല്‍ 8.5 ശതമാനം വരെ തീരുവ ഉണ്ടായിരുന്നെങ്കില്‍ ഇനി മുതല്‍ തീരുവയില്ലാതെ ഇവ ബ്രിട്ടിഷ് വിപണിയിലേക്ക് കയറ്റി അയയ്ക്കാം.

കരാര്‍ പ്രകാരം ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കും, എന്നാല്‍ ഇതിനൊരു ക്വാട്ട സംവിധാനം ഉണ്ടായിരിക്കും. അതായത്, കുറഞ്ഞ തീരുവ പരിമിതമായ എണ്ണം ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് മാത്രമേ ബാധകമാകൂ.

കരാര്‍ അനുസരിച്ച് ഈ എണ്ണം ക്രമേണ ഉദാരവല്‍കരിക്കും. ആസ്റ്റണ്‍ മാര്‍ട്ടിന്‍, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നിവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

യു.കെ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ ലഘൂകരിക്കുന്നതിന് പകരമായി, ഇന്ത്യന്‍ നിര്‍മാതാക്കളുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ പ്രവേശനം ലഭിക്കും. ഇതും ഒരു ക്വാട്ട സംവിധാനത്തിന് കീഴിലായിരിക്കും.

ബിസിനസ് ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കുന്നവര്‍ക്കും കരാര്‍ അടിസ്ഥാനത്തില്‍ സേവനം നല്‍കുന്നവര്‍ക്കും യോഗ പരിശീലകര്‍, ഷെഫുമാര്‍, സംഗീതജ്ഞര്‍ എന്നിവര്‍ക്കും യു.കെയില്‍ താല്‍ക്കാലികമായി താമസിക്കുന്നതിനുള്ള അനുമതി ലഭിക്കും.

യു.കെയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളെയും അവരുടെ തൊഴിലുടമകളെയും മൂന്ന് വര്‍ഷത്തേക്ക് യു.കെയിലെ സാമൂഹിക സുരക്ഷാ വിഹിതം അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ നിലവില്‍ വരുന്നതോടെ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതിച്ചുങ്കം 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയും. അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇത് 40 ശതമാനമായി കുറയും. തന്ത്രപ്രധാനമല്ലാത്ത സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഇന്ത്യ അനുമതി നല്‍കും, ഇതിന്റെ പരിധി 200 കോടി രൂപ ആയിരിക്കും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.