ഇത്തവണത്തെ ചാമ്പ്യന്‍സ് ടീം ഏതാണെന്നുളള ചോദ്യത്തിന് സംശയമൊന്നുമില്ലാതെ പറയാം, മുംബൈ ഇന്ത്യന്‍സ്. ടീമിലെ ഓരോ കളിക്കാരനും അവരുടെ ഉത്തരവാദിത്തമെന്താണെന്ന് വിശദീകരിച്ച് കൊടുത്തിട്ടുണ്ട് ടീം മാനേജ്മെന്‍റ്. അതിനനുസരിച്ച് കളിക്കാനുളള ആത്മവിശ്വാസവും സ്വാതന്ത്ര്യവും ഓരോ കളിക്കാരനുമുണ്ട്. ആദ്യ ആറ് ഓവറുകളില്‍ എന്താണ് ചെയ്യേണ്ടത്. അതിന് ശേഷമെന്താണ് ചെയ്യേണ്ടത് എന്നതുസംബന്ധിച്ചെല്ലാം വ്യക്തമായ ധാരണയുളളതായി നമുക്ക് ബോധ്യമാകും. ഡീ കോക്ക് ഈ മത്സരത്തില്‍ ശോഭിച്ചില്ലെങ്കിലും കഴിഞ്ഞ മത്സരത്തില്‍ നന്നായി കളിക്കാന്‍ സാധിച്ചിരുന്നു. അദ്ദേഹത്തില്‍ മുംബൈ ഇന്ത്യന്‍സ് വിശ്വാസമർപ്പിക്കുക തന്നെ ചെയ്യും അവരുടെ ടീം തെരഞ്ഞെടുപ്പിലെ സ്ഥിരത അങ്ങനെയാണ്. പിന്നീട് വരുന്ന സൂര്യകുമാർ യാദവ്, ആദ്യമത്സരത്തിലെ തോല്‍വിയില്‍ നിന്ന് തിരിച്ച് ടീമിനെ വിജയത്തിലെത്തിച്ചയാളാണ്. അദ്ദേഹത്തിന്‍റെ മൂന്നാം നമ്പർ സ്ഥാനം പ്രധാനമാണ്. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് ശൈലി തന്നെയാകും ടീമിന്റെ ഇന്നിംഗ്സിനെ മുന്നോട്ട് കൊണ്ടുപോവുക. അതോടൊപ്പം തന്നെ ബൗണ്ടറികള്‍ കണ്ടെത്താനും ശ്രമിക്കുകയെന്നുളളതുമാണ്.
പന്തിന്‍റെ ഗതി മനസിലാക്കി സ്കോർ ചെയ്യാന്‍ ശ്രമിക്കുന്ന താരമാണ് സൂര്യകുമാർ. ഇന്നത്തെ മത്സരമെടുത്തുനോക്കുമ്പോള്‍ തേഡ് മാന്‍റെ മുകളിലൂടെ മുന്നോ നാലോ ബൗണ്ടറികള്‍ കാണാന്‍ സാധിക്കും. മൂന്നാം സ്ഥാനത്ത് ഒരു പതിനൊന്ന് ഓവർ വരെ സൂര്യകുമാർ യാദവിന് കളിക്കാന്‍ കഴിഞ്ഞാല്‍ പിന്നീട് ടീമിലെ ശക്തർക്ക് വന്ന് അരങ്ങുവാഴാനുളള അടിത്തറ ഒരുക്കി കൊടുക്കുകയെന്നുളളതാണ് റോള്‍. ഇഷന്‍ കിഷന്‍റെ പ്രകടനം ഇന്ന് നിരാശപ്പെടുത്തി. വിക്കറ്റ് വലിച്ചെറിഞ്ഞ് കളഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ മുംബൈയുടെ സ്കോർ 200 ന് മുകളിലേക്ക് പോകുവാനുള്ള സാധ്യതയുണ്ടായിരുന്നു. ആ ഓവറുകളിലെ മെല്ലെപ്പോക്ക് ഹർദ്ദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും നികത്തി. അതുകൊണ്ടുതന്നെയാണ് നേരത്തെ സൂചിപ്പിച്ചതുപോലെ ഓരോ അംഗങ്ങള്‍ക്കും അവരുടേതായ റോള്‍ കൃത്യമായി നല്കിട്ടുണ്ട് മുംബൈ ഇന്ത്യന്‍സ് എന്നു നമുക്ക് മനസിലാക്കാനാകുന്നത്. ബൗളിംഗിലേക്ക് വരുമ്പോള്‍ ജസ്പ്രീത് ബുംറയെന്ന ബൗളറുടെ കഴിവിനെ കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതിനുളള മറുപടിയാണ് ഇന്ന് അദ്ദേഹത്തില്‍ നിന്നുണ്ടായത്.
രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രതീക്ഷയുളള താരങ്ങളായ സ്റ്റീവന്‍ സ്മിത്ത്, ജോസ് ബട്ലർ ഇവർ ബാറ്റ് ചെയ്യാന്‍ വരുമ്പോള്‍ പന്തേല്‍പിക്കുന്നത് ജസ്പ്രീത് ബുംറയെ; സ്റ്റീവന്‍ സ്മിത്തിന്‍റെ വിക്കറ്റ് കിട്ടുകയും ചെയ്തു. രാഹുല്‍ ചാഹറിനും കൃണാല്‍ പാണ്ഡ്യക്കും റണ്ണൊഴുക്ക് തടയാന്‍ സാധിക്കുന്നുവെന്നുളളതും ടീമിന് ഗുണമാകുന്നുണ്ട്. ടോസ് നഷ്ടപ്പെട്ടതോടെ ഒരു ബാറ്റ്സ്മാന്‍ കുറവും ഒരു ബൗളർ കൂടുതലുമായി കളിക്കുന്ന ടീമിനുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനുണ്ടായി.ആദ്യം ബാറ്റുചെയ്യുകയായിരുന്നുവെങ്കില്‍ എക്സ്ട്രാ ബൗളർ അവർക്ക് ഗുണമാകുമായിരുന്നു. എന്നാല്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബൗള്‍ ചെയ്യേണ്ടിവന്നു. അലക്ഷ്യമായ തുടക്കമായിരുന്നു. ജോഫ്രാ ആർച്ചറിനെ അമിതമായി ആശ്രയിക്കുന്ന ഒരു ബൗളിംഗ് ലൈനപ്പായിരുന്നു ടീമിന്റേത് . കാർത്തിക്ക് ത്യാഗി അല്‍പം ഭേദപ്പെട്ട പ്രകടനം നടത്തി. പക്ഷെ അത് എത്രത്തോളം സ്ഥിരതയുളള പ്രകടനമാകുമെന്നുളളതാണ് ചോദ്യം. ശ്രേയസ് ഗോപാലും നല്ല രീതിയില്‍ പന്തെറിഞ്ഞു. പക്ഷെ ഷോർട്ട് ബോളുകള്‍ കൂടുതലായി വരുന്നുണ്ട്. അങ്കിത് രാജ് പുതിന് അവസരം നല്‍കിയെങ്കിലും അത് ടീമിന് ഗുണം ചെയ്തിട്ടുണ്ടോയെന്നുളളത് വിലയിരുത്തേണ്ടതാണ്.
ഇന്ന് മികച്ച പ്രകടനം നടത്തിയെങ്കിലും ടോം കരണിന് ഒരു മാച്ച് വിന്നറാവാന്‍ സാധിച്ചിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിന് ഏക ആശ്വാസം ബെന്‍ സ്റ്റോക്സ് അവരുടെ നിരയിലേക്ക് എത്തുന്നുവെന്നുളളതാണ്. സ്റ്റോക്സ് വരുമ്പോൾ മധ്യനിര ശക്തിപ്പെടുമെന്ന് കരുതാം. മാത്രമല്ല അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ടീമിന് നല്കുന്ന ഉണർവ് വരും മത്സരങ്ങളിലെ പ്രകടനങ്ങളില്‍ പ്രതിഫലിക്കുമെങ്കില്‍ മാത്രമെ പ്രതീക്ഷയ്ക്ക് വകയുളളൂ. രണ്ട് മത്സരങ്ങള്‍ തുടർച്ചയായി ജയിച്ചശേഷം മൂന്ന് മത്സരങ്ങളാണ് തോറ്റിട്ടുളളത്. ഇന്ന്, ഒരറ്റത്ത് വിക്കറ്റുകള്‍ ഒന്നൊന്നായി നിലംപൊത്തുമ്പോഴും, മറുവശത്ത് ജോസ് ബട്‌ലര്‍ ഒറ്റയാള്‍ പോരാട്ടം തുടർന്നതാണ് ആകെ ആശ്വാസം. ബാറ്റിംഗില്‍ സ്റ്റീവന്‍ സ്മിത്ത്, സജ്ഞു സാംസണ്‍, ജോസ് ബട്ലറും കഴിഞ്ഞാല്‍ ടോം കരണിന് പകരം ബെന്‍ സ്റ്റോക്സ് വരുന്ന ഒരു സാഹചര്യം അടുത്ത മത്സരം മുതലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ അപ്പോഴും ബൗളിംഗ് കോമ്പിനേഷന്‍ കൃത്യമായി സെറ്റ് ചെയ്യേണ്ടതുണ്ട് രാജസ്ഥാന്‍ റോയല്‍സ്. വരുണ്‍ അരോണ്‍, ജയദേവ് ഉനദ്ഘട്ട് തുടങ്ങിയവരുടെ കാര്യത്തിലെടുക്കുന്ന തീരുമാനങ്ങള്‍ എന്താകുമെന്നുളളതും അറിയേണ്ടതുണ്ട്. രാഹുല്‍ തേവാത്തിയയെ ബൗളറായി കളിപ്പിക്കണോ അതല്ല ബാറ്റിംഗില്‍ ഇനിയെന്ത് ചെയ്യാന്‍ സാധിക്കുമെന്നുളളതെല്ലാം വിലയിരുത്തേണ്ടതാണ്. ഇനിയുളള മത്സരങ്ങളില്‍ ഒരു പക്ഷെ ബെന്‍ സ്റ്റോക്സ് മധ്യനിരയിലുളളതുകൊണ്ട് സ്റ്റീവന്‍ സ്മിത്തും ജോസ് ബട്ലറും ഇന്നിംഗ് ഓപ്പണ്‍ ചെയ്യാനുളള സാധ്യതയും കാണുന്നു.
സ്കോർ MI 193/4 (20) RR 136 (18.1)
സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.