അണുബോംബ് ആക്രമണത്തിന്റെ 80ാം വാര്‍ഷികം; കത്തീഡ്രല്‍ മണികള്‍ മുഴക്കിയും സമാധാനത്തിനായി പ്രാർത്ഥിച്ചും നാഗാസാക്കി

അണുബോംബ് ആക്രമണത്തിന്റെ 80ാം വാര്‍ഷികം; കത്തീഡ്രല്‍ മണികള്‍ മുഴക്കിയും സമാധാനത്തിനായി പ്രാർത്ഥിച്ചും നാഗാസാക്കി

നാഗസാക്കി: ചരിത്രത്തിന്റെ ഏടുകളിൽ കറുത്ത ദിനമായി രേഖപ്പെടുത്തിയ ​നാ​ഗസാക്കി അണുബോംബ് ആക്രമണത്തിന്റെ 80ാം വാര്‍ഷിക ദിനത്തിൽ സമാധാനത്തിനായി പ്രാർത്ഥിച്ച് ജപ്പാൻ ജനത.

അണുബോംബ് ആക്രമണത്തിൽ തകർന്ന ശേഷം പുനര്‍നിര്‍മിച്ച നാഗസാക്കിയിലെ ഉറകാമി കത്തീഡ്രലില്‍ നടന്ന 24 മണിക്കൂര്‍ നീണ്ട ആരാധനയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ഫാറ്റ്മാൻ എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം ബോംബ് ആക്രണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായുള്ള മതാന്തര പ്രാര്‍ത്ഥന ഹൈപ്പോസെന്റര്‍ പാര്‍ക്കില്‍ നടന്നു.

അനുസ്മരണ ചടങ്ങുകള്‍ക്കിടയില്‍ ഉറകാമി കത്തീഡ്രലില്‍ നിന്നുള്ള ഇരട്ട മണികള്‍ മുഴങ്ങി. സമാധാനത്തിനായുള്ള ദിവ്യബലിയും കത്തീഡ്രലില്‍ നിന്ന് ഹൈപ്പോസെന്റര്‍ പാര്‍ക്കിലേക്ക് ദീപശിഖ പ്രദിക്ഷിണവും നടത്തി.

നാഗസാക്കി ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മിച്ചിയാക്കി നകാമുറ, ചിക്കാഗോയിലെ കര്‍ദിനാള്‍ ബ്ലേസ് കുപ്പിക്ക്, വാഷിങ്ടൺ ഡി.സിയിലെ കര്‍ദിനാള്‍ റോബര്‍ട്ട് മക്എല്‍റോയ്, സിയാറ്റിലിലെ ആര്‍ച്ച് ബിഷപ്പ് പോള്‍ എറ്റിയെന്‍, ന്യൂ മെക്‌സിക്കോയിലെ സാന്താ ഫെയിലെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ വെസ്റ്റര്‍ എന്നിവരുള്‍പ്പെടുന്ന അന്താരാഷ്ട്ര പ്രതിനിധി സംഘം സമാധാന തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഏകദേശം 100 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ ഈ വര്‍ഷത്തെ അനുസ്മരണ പരിപാടികളില്‍ പങ്കെടുത്തു. ഉക്രെയ്ന്‍ അധിനിവേശം നടത്തിയതിന്റെ പേരില്‍ മുന്‍ വര്‍ഷങ്ങളില്‍ ക്ഷണിക്കാതിരുന്ന റഷ്യയുടെയും കഴിഞ്ഞ വര്‍ഷം ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ ക്ഷണിക്കാതിരുന്ന ഇസ്രയേലിന്റെയും പ്രതിനിധികള്‍ ഈ വര്‍ഷത്തെ ചടങ്ങില്‍ പങ്കെടുത്തു.

എൺപത് വർഷങ്ങൾക്ക് മുമ്പ് ഇന്നേ ദിവസമാണ് ജപ്പാനിൽ അമേരിക്ക രണ്ടാമത്തെ അണുബോംബ് വർഷിക്കുന്നത്. ഹിരോഷിമയിൽ നടത്തിയ അണുബോംബ് ആക്രമണത്തിന്റെ നടുക്കം മാറുന്നതിന് മുൻപായിരുന്നു നാഗസാക്കിയെയും അമേരിക്ക കണ്ണീർക്കയത്തിലാക്കിയത്.

4630കിലോ ടൺ ഭാരവും ഉഗ്ര സ്‌ഫോടകശേഷിയുമുള്ള പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ ചുട്ടുചാമ്പലാക്കിയത്.
ഹിരോഷിമയിൽ ഓഗസ്റ്റ് ആറിന് ലിറ്റിൽ ബോയ് എന്ന യുറേനിയം അണുബോംബിട്ടതിനുശേഷവും രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്നായിരുന്നു പ്ലൂട്ടോണിയം ബോംബിന്റെ പ്രയോഗം. 80,000ത്തോളം മനുഷ്യ ജീവനുകൾ മണ്ണോടുചേർന്നു. സ്‌ഫോടനത്തിന്റെ ആഘാതം മൂലം നാഗസാക്കിയിലെ താപനില 4000 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരേക്കാൾ ഭീകരമായിരുന്നു അതിനെ അതിജീവിച്ചവരുടെ പിൽക്കാല ജീവിതം. ”ഹിബാകുഷ” എന്നറിയപ്പെടുന്ന അണുബോംബിനെ അതിജീവിച്ചവർ റേഡിയേഷന്റെ ആരോഗ്യ പ്രശ്‌നങ്ങൾ ഇന്നും നേരിടുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.