സ്റ്റോക്ഹോം: ഭൗതികശാസ്ത്ര നൊബേൽ തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനത്തിന്. ബ്രിട്ടനിലെ റോജർ പെന്റോസ്, ജർമനിയിലെ റൈൻഹാർഡ് ഗെൻസെൽ, യുഎസിലെ ആൻഡ്രിയ ഗേസ് എന്നീ ശാസ്ത്രജ്ഞർ പുരസ്കാരം പങ്കിട്ടു.
ഉന്നതമർദത്തിൽ ദ്രവ്യം കേന്ദ്രീകരിച്ചിരിക്കുന്ന പ്രപഞ്ചത്തിലെ നിഗൂഢവിസ്മയമാണു തമോഗർത്തങ്ങൾ. ഇതിന്റെ അതിഭീകര ഗുരുത്വാകർഷണത്തിൽനിന്നു പ്രകാശത്തിനുപോലും രക്ഷപ്പെടാനാവില്ല. ഐൻസ്റ്റൈന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തം ഉപയോഗിച്ച്, തമോഗർത്തങ്ങളുടെ രൂപീകരണം സാധ്യമാണെന്നു വിശദീകരിച്ചതാണ് എന്പത്തൊന്പതുകാരനായ പെൻറോസിനെ പുരസ്കാരത്തിനർഹനാക്കിയത്. ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയിലെ എമരിറ്റസ് ഗണിതപ്രഫസറായ പെന്റോസ്, ഗണിത മാതൃകകളുടെ സഹായത്താൽ തമോഗർത്തങ്ങൾ നിലവിലുണ്ടെന്ന് 1965ൽ തന്നെ തെളിയിച്ചു.
സൗരയൂഥം ഉൾപ്പെടുന്ന ക്ഷീരപഥം ഗാലക്സിയുടെ കേന്ദ്രത്തിലെ അതിഭീമൻ തമോഗർത്തത്തെ കണ്ടെത്തിയതിനാണ് റൈൻഹാർഡി(68)നും ആൻഡ്രിയ(55)യ്ക്കും പുരസ്കാരം. അസ്ട്രോഫിസിസ്റ്റായ റൈൻഹാർഡ് ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്ട്രാടെറസ്ട്രിയൽ ഫിസിക്സ്്, ബെർക്കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
1901ൽ നൊബേൽ നല്കാൻ തുടങ്ങിയശേഷം ഭൗതികശാസ്ത്ര പുരസ്കാരത്തിന് അർഹയാകുന്ന നാലാമത്തെ വനിതയാണ് ആൻഡ്രിയ. ആൻഡ്രിയ ലോസ്ആഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ ഫിസിസ്ക്, അസ്ട്രോണമി പ്രഫസറാണ്. ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ സജിറ്റേറിയസ് എ* എന്നു വിളിക്കപ്പെടുന്ന ഭാഗത്തെക്കുറിച്ചാണ് ഇവർ പഠിച്ചത്. തൊണ്ണൂറുകളുടെ ആദ്യമായിരുന്നു അത്. നക്ഷത്രങ്ങളുടെ ഭ്രമണപഥത്തെ നിയന്ത്രിക്കാൻ ശേക്ഷിയുള്ള ഒരു അദൃശ്യഭീമൻ ഇവിടെയുണ്ടെന്ന് ഇവർ കണ്ടെത്തി. പിണ്ഡത്തിൽ സൂര്യന്റെ 40 ലക്ഷം മടങ്ങു വരുന്ന സജിറ്റേറിയസ് എ* ക്ഷീരപഥകേന്ദ്രത്തിലെ ഭീമൻ തമോഗർത്തമാണെന്ന് ശാസ്ത്രലോകം സ്ഥിരീകരിച്ചു. 10 ലക്ഷം സ്വീഡിഷ് ക്രോണർ (8.23 കോടി രൂപ) വരുന്ന പുരസ്കാരത്തുകയുടെ പകുതി പെന്റോസിനാണ്. ശേക്ഷിക്കുന്നത് മറ്റു രണ്ടുപേർ പങ്കുവയ്ക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.