കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത കണ്ണൂര്‍ ചാലാട് സ്വദേശി അനൂപ് മാലിക്കിനെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരം കേസെടുത്തു.
2016 ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാ മാണ് മരിച്ചതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് മാധ്യമങ്ങളോട് പറഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാള്‍. അനൂപിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടില്‍ നിര്‍മ്മിച്ചിരുന്നത്. ഇത്തരം വസ്തുക്കളുടെ നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണപുരം കീഴറയിലെ സ്ഫോടന കേസില്‍ പ്രതിയായ അനൂപ് മാലിക് മുന്‍പും സമാന കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2016 ലെ പൊടിക്കുണ്ട് സ്ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്‌ഫോടനത്തില്‍ തകര്‍ന്നത്. സ്‌ഫോടക വസ്തുക്കള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അനൂപ് മാലിക്കാണ് വീട് വാടകയ്ക്ക് എടുത്തിരുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ വലിയ രീതിയില്‍ ഗുണ്ടുകളും പടക്കങ്ങളും നിര്‍മിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി തേടിയിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. അനൂപിനെ കണ്ടെത്തേണ്ടതുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ഉഗ്ര സ്‌ഫോടനം നടന്നത്. സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദനെന്ന മുന്‍ അധ്യാപകന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം ഒരാളുടെ മൃതദേഹമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.
മരിച്ചയാളുടെ മൃതദ്ദേഹം ഫയര്‍ ഫോഴ്‌സ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനം നടന്ന വീട്ടില്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഫോറന്‍സിക വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.