1,000 ടെന്റുകള്‍, 15 ടണ്‍ ഭക്ഷ്യവസ്തുക്കള്‍: അഫ്ഗാനിലെ ഭൂകമ്പബാധിതര്‍ക്ക് സഹായമെത്തിച്ച് ഇന്ത്യ; കൂടുതല്‍ സഹായം ചൊവ്വാഴ്ച എത്തും

1,000 ടെന്റുകള്‍, 15 ടണ്‍ ഭക്ഷ്യവസ്തുക്കള്‍: അഫ്ഗാനിലെ ഭൂകമ്പബാധിതര്‍ക്ക് സഹായമെത്തിച്ച് ഇന്ത്യ; കൂടുതല്‍ സഹായം ചൊവ്വാഴ്ച എത്തും

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതര്‍ക്ക് സഹായമെത്തിച്ച് ഇന്ത്യ. ദുരന്തബാധിതര്‍ക്ക് ആദ്യ ഘട്ടമെന്നോണം താല്‍കാലികമായി താമസിക്കുവാനായി 1,000 ടെന്റുകളാണ് ഇന്ത്യ എത്തിച്ചത്. 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യന്‍ മിഷന്റെ സഹായത്തോടെ കാബൂളില്‍ നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യയില്‍ നിന്ന് ചൊവ്വാഴ്ചയോടെ അഫ്ഗാനിസ്ഥാനിലെത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് എക്സിലൂടെ ഇന്ത്യ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പങ്കുവച്ചത്. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി മൗലവി അമിര്‍ ഖാന്‍ മുതാഖിയുമായി അദേഹം സംസാരിച്ചു. ഭൂചലനത്തെ തുടര്‍ന്നുണ്ടായ മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ഈ പ്രതികൂല സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനൊപ്പം ഇന്ത്യയുണ്ടാകുമെന്നും എസ്. ജയശങ്കര്‍ എക്സില്‍ കുറിച്ചു.

അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുമായി എസ്. ജയശങ്കര്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയത് അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ അഫ്ഗാനിസ്ഥാനിലെ ദുരിതബാധിതരെ സഹായിക്കുന്നതില്‍ എസ്. ജയശങ്കറിന് മുതാഖി നന്ദി അറിയിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.