മൊസൂള്‍ : ഇറാഖിലെ മൊസൂള്‍ നഗരത്തിലെ അൽ-തഹേര ചർച്ച് എന്നറിയപ്പെടുന്ന അമലോത്ഭവ നാഥ ദേവാലയവും ഡൊമിനിക്കന്‍ സന്യാസ ആശ്രമത്തിന്റെ ഔവര്‍ ലേഡി ഓഫ് ദ അവര്‍ ദേവാലയവും പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറന്നു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ - സുഡാനിയും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പുനര്‍നിര്‍മാണത്തെ പിന്തുണച്ച സംഘടനകളുടെ പ്രതിനിധികളും ദേവാലയ കൂദാശ തിരുക്കര്‍മ്മത്തിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തു.
ദേവാലയം വീണ്ടും തുറക്കുന്നത് മൊസൂളിന്റെ ആത്മാവിലേക്കും അതിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിലേക്കുമുള്ള മടക്ക യാത്രയാണെന്ന് അമലോത്ഭ നാഥ ദേവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അല്‍-സുഡാനി പറഞ്ഞു. ഇറാഖ് ഗവണ്‍മെന്റ് ഇറാഖി പൈതൃകത്തോട് കാണിക്കുന്ന അതേ കരുതല്‍ ക്രൈസ്തവ സമൂഹത്തെ പുനര്‍നിര്‍മിക്കുന്നതിലും കാണിക്കണമെന്ന് ചടങ്ങില്‍ പ്രസംഗിച്ച മൊസൂളിലെയും സമീപ പ്രദേശങ്ങളിലെയും സിറിയക്ക് ക്രൈസ്തവരുടെ ആര്‍ച്ച് ബിഷപ്പ് ബനഡിക്റ്റസ് യൂനാന്‍ ഹന്നോ ഇറാഖ് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ഇറാഖിലെ ഏകദേശം 80 ശതമാനം ക്രിസ്ത്യാനികളും അവകാശ ലംഘനങ്ങളും അവകാശ നിഷേധവും അനുഭവിക്കുന്നതായും പലരും നാടുവിടാന്‍ നിര്‍ബന്ധിക്കപ്പെടുന്നതായും അദേഹം പറഞ്ഞു. സമാധാനത്തിന്റെ പ്രതീകമായി പ്രധാനമന്ത്രി ദേവാലയ മുറ്റത്ത് ഒരു ഒലിവ് മരം നട്ടു.

2014-2017 കാലഘട്ടത്തില്‍ നടന്ന ഐഎസ് അധിനിവേശത്തിലാണ് മൊസൂളിന്റെ പഴയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അമലോത്ഭവ നാഥ ദേവാലയത്തിനും ഔര്‍ ലേഡി ഓഫ് ദ അവര്‍ ദേവാലയത്തിനും വ്യാപകമായ നാശഷ്ടങ്ങള്‍ സംഭവിച്ചത്.
ഐഎസ് പിടിയില്‍ നിന്ന് മൊസൂള്‍ മോചിതമായ ശേഷം യുനെസ്‌കോയാണ് ‘മൊസൂളിന്റെ ആത്മാവിനെ പുനരുജീവിപ്പിക്കുക’ എന്ന സംരംഭത്തിന്റെ ഭാഗമായി ഈ ദേവാലയങ്ങളുടെ പുനസ്ഥാപനം ഏറ്റെടുത്തത്. യുഎഇയും യൂറോപ്യന്‍ യൂണിയനും ദൈവാലയങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം നല്‍കിയിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളും ആഭ്യന്തര യുദ്ധവും ഏല്‍പ്പിച്ച മുറിവുകളില്‍ നിന്ന് മുക്തി നേടി വരുന്ന ഇറാഖി ക്രൈസ്തവര്‍ക്ക് പുതു പ്രതീക്ഷ പകര്‍ന്നാണ് ദേവാലയം തുറന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.