സമഗ്ര മാറ്റം: പാലിനും ബ്രഡിനും ഇനി ജിഎസ്ടി ഇല്ല; ഇരട്ട സ്ലാബിന് അംഗീകാരം, പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍

സമഗ്ര മാറ്റം: പാലിനും ബ്രഡിനും ഇനി ജിഎസ്ടി ഇല്ല; ഇരട്ട സ്ലാബിന് അംഗീകാരം, പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍

ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കുകളില്‍ ഇരട്ട സ്ലാബിന് അംഗീകാരം. അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകള്‍ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. 12 ശതമാനം, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കും. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ നിലവില്‍ വരും.

പുതിയ നിരക്കുകള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 175 ഉല്‍പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകും. പാല്‍, പനീര്‍, ബ്രഡ് എന്നിവയ്ക്ക് ഇനി ജിഎസ്ടി ഉണ്ടായിരിക്കില്ല. ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ചെരുപ്പ്, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വില കുറയും. 32 ഇഞ്ച് വരെയുള്ള ടിവികള്‍ക്ക് 18 ശതമാനം ആയിരിക്കും ജിഎസ്ടി.

ട്രാക്ടറുകള്‍, കൃഷിയാവശ്യത്തിനുള്ള യന്ത്രങ്ങള്‍ തുടങ്ങിയവയുടെ നികുതി അഞ്ച് ശതമാനമാകും. 33 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് നികുതിയില്ല. സിഗരറ്റ്, പുകയില ഉല്‍പന്നങ്ങള്‍, ശീതള പാനീയങ്ങള്‍ തുടങ്ങിയവയുടെ നികുതി 40 ശതമാനമായിരിക്കും. കാന്‍സര്‍ മരുന്നുകള്‍ക്ക് നികുതി കുറയും.

അഞ്ച് ശതമാനം നികുതി:

നിത്യോപയോഗ സാധനങ്ങള്‍, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍, ഗ്ലൂക്കോ മീറ്റര്‍, കണ്ണാടി, സോളാര്‍ പാനലുകള്‍ എന്നിവ ഈ സ്ലാബില്‍ വരും.

പതിനെട്ട് ശതമാനം നികുതി:

ടിവി, സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ഓട്ടോ പാര്‍ട്‌സ്, മൂന്ന് ചക്ര വാഹനങ്ങള്‍, രാസവളം, കീടനാശിനികള്‍ എന്നിവയ്ക്ക് 18 ശതമാനം നികുതിയായിരിക്കും. 350 സിസിയില്‍ താഴെയുള്ള ചെറിയ കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും നികുതി 28 ല്‍ നിന്ന് 18 ശതമാനമായി കുറയും.

40 ശതമാനം നികുതി:

ആഡംബര കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, വലിയ കാറുകള്‍, ഇടത്തരം കാറുകള്‍ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടി ചുമത്തും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.