ഡിഎന്‍എ അടിച്ചു മാറ്റുമെന്ന ഭയം: പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിം സ്പര്‍ശിച്ച വസ്തുക്കളെല്ലാം തുടച്ച് വൃത്തിയാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍

ഡിഎന്‍എ അടിച്ചു മാറ്റുമെന്ന ഭയം: പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിം സ്പര്‍ശിച്ച വസ്തുക്കളെല്ലാം തുടച്ച് വൃത്തിയാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍

ബീജിങ്: ചൈനയിലെ ബീജിങില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, ഡിഎന്‍എ മോഷണം ഭയന്ന് കിം ഇരുന്ന കസേരയും ഉപയോഗിച്ച ഗ്ലാസും ഉള്‍പ്പെടെ കിമ്മിന്റെ സ്പര്‍ശനമേറ്റ ഇടങ്ങളെല്ലാം ഉടനടി വൃത്തിയാക്കി അദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍.

കിം ഇരുന്ന കസേരയുടെ പിന്‍ വശവും കൈപ്പിടികളും തുടച്ചു. സമീപത്തുണ്ടായിരുന്ന ചെറിയ മേശ പോലും തുടച്ചു. കിം ഉപയോഗിച്ച ഗ്ലാസ് ഒരു ട്രേയില്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് മാറ്റി. തകൃതിയായുള്ള വൃത്തിയാക്കലിന്റെ ദൃശ്യം സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

'ചര്‍ച്ചകള്‍ക്ക് പിന്നാലെ ഉത്തര കൊറിയന്‍ ഭരണാധികാരിയെ അനുഗമിച്ച അദേഹത്തിന്റെ സുരക്ഷാ ജീവനക്കാര്‍ കിമ്മിന്റെ സാന്നിധ്യത്തിന്റെ എല്ലാ അടയാളങ്ങളും സൂക്ഷ്മമായി നീക്കം ചെയ്തു. അദേഹം കുടിച്ച ഗ്ലാസ് അവിടെ നിന്ന് കൊണ്ടു പോയി. ഇരുന്ന കസേരയും അദേഹം സ്പര്‍ശിച്ച മറ്റ് ഫര്‍ണിച്ചറും അപ്പോള്‍ തന്നെ തുടച്ച് വൃത്തിയാക്കി' - റഷ്യന്‍ മാധ്യമ പ്രവര്‍ത്തകനായ അലക്സാണ്ടര്‍ യുനഷേവ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയുടെ സുരക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ചൈനയുടെ നിരീക്ഷണത്തെ കുറിച്ചോ ഉള്ള ഭീതിയാണ് ഇതിനു പിന്നിലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ കിം മാത്രമല്ല ഇത്തരത്തിലുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നത്.

ഡിഎന്‍എ മോഷണം ഒഴിവാക്കാനുള്ള നടപടികള്‍ പുടിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് പോകുമ്പോള്‍ പുടിന്റെ വിസര്‍ജ്യ വസ്തുക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യേക ബാഗുകളില്‍ ശേഖരിക്കുന്നത് 2017 മുതല്‍ പതിവാണ്. കഴിഞ്ഞ മാസം അലാസ്‌കയില്‍ നടന്ന ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ ചെയ്തിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.