മുംബൈ: ഒന്നര മണിക്കൂര്‍ കൊണ്ട് നാല് ഭാഷകളിലുള്ള ബൈബിള്‍ കൈകൊണ്ട് എഴുതി പൂര്‍ത്തിയാക്കി മഹാരാഷ്ട്രയിലെ കല്യാണ്‍ അതിരൂപതയുടെ കീഴിലുള്ള പിംപ്രി-ചിഞ്ച്വാദേയിലെ കാലേവാദി സെന്റ് അല്‍ഫോന്‍സ ഇടവ ചരിത്രം കുറിച്ചു.
ഉല്‍പത്തി മുതല്‍ വെളിപാട് വരെയുള്ള സമ്പൂര്‍ണ ബൈബിള്‍ മുഴുവന്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളില്‍ കേവലം ഒന്നര മണിക്കൂറിനുള്ളില്‍ ഇടവകാംഗങ്ങള്‍ ചേര്‍ന്ന് പകര്‍ത്തി എഴുതി.
ഇടവകയിലെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ബൈബിള്‍ കൈയെഴുത്തു പ്രതി തയാറാക്കുന്ന ഉദ്യമത്തില്‍ എട്ട് വയസു മുതല്‍ 86 വയസു വരെയുള്ള ഇടവകയിലെ 560 വിശ്വാസികളാണ് പങ്കാളികളായത്.
ദൈവ വചനം വായിക്കാനും പഠിക്കാനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഇടവക വികാരി ഫാ. ഷിബു പുളിക്കല്‍ പറഞ്ഞു. പങ്കെടുത്ത എല്ലാവര്‍ക്കും ആഴത്തിലുള്ള ആത്മീയ അനുഭൂതി നല്‍കുന്ന നിമിഷമായിരുന്നുവെന്നും പ്രാര്‍ത്ഥനയോടും ഭക്തിയോടും കൂടിയാണ് എല്ലാവരും പങ്കു ചേര്‍ന്നതെന്നും അദേഹം വ്യക്തമാക്കി.
പലര്‍ക്കും ഇത് വെറുമൊരു പരിപാടിയായിരുന്നില്ല, മറിച്ച് കൃപയുടെ അനുഭവമായിരുന്നു. ക്രിസ്തുവിനോടൊപ്പമുള്ള ഓരോരുത്തരുടെയും യാത്രയെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒന്നായി ഇത് മാറിയെന്നും ഫാ. ഷിബു പുളിക്കല്‍ പറഞ്ഞു.
സുജിത് പാപ്പച്ചന്‍, ക്രിസ്റ്റീന സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി ഏകോപിപ്പിച്ചത്. മതബോധന അധ്യാപകര്‍, സന്യാസിനികള്‍, കൈക്കാരന്മാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍ എന്നിവരുടെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.